she-

ബോ‌ഡിഷെയ്‌മിങ്ങിന് ഇരയാവുന്നവരിൽ സ്ത്രീകളും പുരുഷൻമാരും ഒരുപോലെയാണ്. എന്നാൽ സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.. ആവശ്യത്തിൽ കൂടുതൽ വണ്ണം ഉള്ളതോ ഒട്ടും വണ്ണമില്ലാത്തതോ ഒക്കെയാണ് ബോഡി ഷെയ്മിങ്ങിന് ഇവരെ ഇരയാക്കുന്നത്. സ്ത്രീകൾക്ക് ഇവ കൂടാതെ മറ്റു ചില രീതിയിലുള്ള പ്രശ്നങ്ങളും ബോഡി ഷെയ്മിങ്ങിന്റെ പേരിൽ നേരിടേണ്ടി വരാറുണ്ട്.. അത്തരം ഒരു പ്രശ്നത്തെ കുറിച്ച് തുറന്നുപറയുകയാണ് ഒരു യുവതി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.

യുവതിയുടെ കുറിപ്പിൽ നിന്ന്

അന്ന് ഞാൻ പതിനൊന്നാം ക്ലാസിലായിരുന്നു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു വേദനാജനകമായ ആ സംഭവം ഉണ്ടായത്. നിര്‍ഭയ കേസ് രാജ്യത്തെയാകെ ഞെട്ടിച്ച സമയമായിരുന്നു അത്. എന്റെ താപിതാക്കൾക്കും ഞാൻ തിരികെ വീട്ടിലെത്തുന്നതു വരെ ഭയമായിരുന്നു. എനിക്കൊപ്പം എന്റെ ഒരു ആൺസുഹൃത്തും ഉണ്ടായിരുന്നു. വീട്ടിലെത്തുന്നതിനു മുൻപ് എന്തെങ്കിലും ഭക്ഷണം കഴിക്കാമെന്ന് കരുതി. ആ സമയത്ത് സംസാരിച്ചിരുന്നപ്പോൾ എന്റെ ആശങ്ക ഞാൻ അവനുമായി പങ്കുവച്ചു. എന്നാല്‍, പരിഹാസത്തോടെയായിരുന്നു അവന്റെ മറുപടി. ‘ നീ പേടിക്കണ്ട കാര്യമില്ല,​ കാരണം ആരും നിന്നെ ബലാത്സംഗം ചെയ്യില്ല. നിന്റെ വസ്ത്രം അഴിച്ചു മാറ്റുന്നതുവരെ നീ ഒരു സ്ത്രീയാണെന്ന് അവർക്ക് തോന്നില്ല.’

സത്യത്തിൽ അവന്റെ മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി. എത്രയും പെട്ടന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്നാണു തോന്നിയത്. പിന്നീട്, ഒന്നും പറയാൻ നിൽക്കാതെ ഞാൻ അടുത്ത മെട്രോ സ്റ്റേഷനിലേക്ക് കുതിച്ചു. അവന്റെ ആ വാചകങ്ങൾ എന്നെ മുറിവേല്‍പ്പിച്ചു. എന്റെ നെഞ്ചിലേക്കു നോക്കിയപ്പോൾ എനിക്കു തന്നെ ലജ്ജ തോന്നി. അവന്റെ അന്നത്തെ പരിഹാസം അക്കാലത്ത് എന്നെ ഒരുപാട് ബാധിച്ചു.. ആത്മവിശ്വാസം തകർത്തു.

എന്റെ അളവിനേക്കാൾ വലിയ ബ്രാ ഞാൻ അക്കാലത്ത് ധരിച്ചു. മാറിടത്തിന്റെ വലിപ്പം കൂട്ടാനുള്ള പല മണ്ടത്തരങ്ങളും ഞാൻ കാണിച്ചു. ഇപ്പോൾ അതിനെക്കുറിച്ചോ‌ർത്ത് എനിക്ക് ലജ്ജതോന്നുന്നു. പക്ഷേ, ആ പ്രായത്തിലുള്ള പെൺകുട്ടിയ്ക്ക് ഇങ്ങനെയല്ലാതെ മറ്റൊന്നു ചിന്തിക്കാനുമായിരുന്നില്ല.

എന്നാൽ കോളേജ് ജീവിതം എന്റെ കാഴ്ചപ്പാടിനെ ആകെ മാറ്റി. അങ്ങനെ എന്റെ രൂപത്തിൽ തന്നെ ഒരു മാറ്റം വരുത്താൻ ഞാൻ തീരുമാനിച്ചു. ഞാന്‍ എന്ന വ്യക്തി എന്താണോ അതായി തന്നെ ജീവിക്കാന്‍ തീരുമാനിച്ചു.

മാറ്റത്തിന്റെ ആദ്യപടിയായി ഞാൻ മുടിമുറിച്ചു. വലിയ മാറിടവും നീണ്ട മുടിയുമാണ് സ്ത്രീ സൗന്ദര്യമെന്നായിരുന്നു അതുവരെ ഞാൻ വിചാരിച്ചിരുന്നത്. തുടക്കത്തിൽ അൽപം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും വളരെ പെട്ടന്നു തന്നെ എന്റെ പുതിയ രൂപവുമായി ഞാൻ പൊരുത്തപ്പെട്ടു.

ചിലപ്പോഴൊക്കെ മെട്രോസ്റ്റേഷനിലെ കാവല്‍ക്കാര്‍ വരെ എന്നെ പിന്തുടർന്നു. ഞാൻ ഒരു ആണാണെന്നും സ്ത്രീകളുടെ കോച്ചിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയാണെന്നും കരുതിയായിരുന്നു പിന്തുടർന്നത്. ബസിലൊക്കെ യാത്ര ചെയ്യമ്പോൾ ചിലർ എന്നോടു പറയുമായിരുന്നു. ‘സഹോദരാ, അൽപം നീങ്ങിയിരിക്കൂ.’ പക്ഷേ, അതിനെയെല്ലാം ഞാൻ തരണം ചെയ്തു.

മോശം അഭിപ്രായ പ്രകടനങ്ങൾ ആലോചിച്ച് വേദനിച്ച ചെറുപ്പത്തിലെ ആ ദിനങ്ങളെ കുറിച്ചോർക്കുമ്പോൾ എനിക്ക് നഷ്ടബോധം തോന്നാറുണ്ട്. സ്വയം വെറുത്തു പോയ ദിവസങ്ങളായിരുന്നു അത്. നമ്മുടെ ശരീരത്തെ കുറിച്ച് മറ്റുള്ളവർ പറയുന്നതോർത്ത് ജീവിതത്തിലെ നല്ലസമയങ്ങൾ പാഴാക്കരുതെന്നാണ് എനിക്കു പറയാനുള്ളത്.. പക്ഷേ, ഇന്ന് ഞാൻ മറ്റുള്ളവരെക്കാൾ കൂടുതൽ എന്നെ സ്നേഹിക്കുന്നു. ഒരു അപരിചിതനുമായി നിങ്ങൾക്ക് എളുപ്പത്തിൽ പ്രണയത്തിലാകാൻ സാധിക്കും. എന്നാൽ സ്വയം പ്രണയം തോന്നണമെങ്കിൽ ചിലപ്പോൾ ഒരു ജീവിതകാലം മുഴുവൻ വേണ്ടിവന്നേക്കാം.