corona

എറണാകുളം: കൊറോണ രോഗബാധ ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ പതിനേഴുകാരിയെ യുവാവ് വിവാഹ വാഗ്ദാനം നൽകി തട്ടികൊണ്ടുപോയി. എറണാകുളം മൂവാറ്റുപ്പുഴയിലാണ് സംഭവം നടന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവാണ് വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞുകൊണ്ട് പെൺകുട്ടിയെ തട്ടികൊണ്ടുപോയത്. തുടർന്ന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ ഇരുവരെയും ഒടുവിൽ കുമരകത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്.

പൊലീസെത്തുമ്പോൾ ഇയാൾ പെൺകുട്ടിയെയും കൊണ്ട് അടുത്ത വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴിയാണ് താൻ പെൺകുട്ടിയെ പരിചയപ്പെട്ടതെന്നു യുവാവ് പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്.

ഇവർ തമ്മിൽ അടുപ്പത്തിലായ ശേഷമാണ് വീട്ടുകാർ അറിയാതെ പെൺകുട്ടിയെ കാറിൽ കയറ്റി ഇയാൾ കടന്നുകളഞ്ഞത്. ഇയാൾ കാരണം, ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, പൊലീസുകാർക്ക് മൂന്നാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോകേണ്ടതായി വന്നിരുന്നു. യുവാവിനെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്.