ന്യൂയോർക്ക്: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 27,324 ആയി ഉയർന്നു. 24 മണിക്കൂറിനിടെ മൂവായിരത്തോളം പേരാണ് മരിച്ചത്. ആകെ രോഗികളുടെ എണ്ണം ആറുലക്ഷത്തോളമായി. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മൂന്നിലൊന്നും ഇറ്റലിയിലാണ്. ഇന്നലെ മാത്രം 969 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 9000കടന്നു.
നിലവിൽ അമേരിക്കയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 101,000പേർക്കാണ് ഇതിനോടകം അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1700 കടന്നു. അതേസമയം, സ്‌പെയിനിൽ ഇന്നലെ 769 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 4,934 ആയി. 64,059 പേർക്കാണ് സ്‌പെയിനിൽ രോഗം സ്ഥിരീകരിച്ചത്.
അതേസമയം ചൈനയിൽ പുതിയ കൊറോണ കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്. ഇന്നലെ അഞ്ച് പുതിയ കേസുകൾ മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ രാജ്യത്ത് വിദേശ സന്ദർശകർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശികളായ കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണിത്. ചൈനയ്ക്ക് പുറത്തു നിന്നുള്ള എല്ലാ വിമാനങ്ങൾക്കും രാജ്യം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 55 പുതിയ കേസുകളാണുണ്ടായത്. ഇതിൽ 54 എണ്ണവും വിദേശികൾക്കാണ്.
അതേസമയം, കൊറോണ മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. വൈറസ് വ്യാപനം തടയാൻ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി 200 കോടി ഡോളർ സമാഹരിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭ തുടക്കമിട്ടു.