coroan

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്നലെ മാത്രം 110 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 834 ആയി ഉയർന്നു. 19 പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചത്.

നിലവിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇന്നലെ മാത്രം 39 പേർക്കാണ് സംസ്ഥാനത്ത് കൊറാേണ സ്ഥിരീകരിച്ചത്. കാസർകോട് 34 പേർക്കും കണ്ണൂരിൽ രണ്ട് പേർക്കും കൊല്ലം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 164 ആയി ഉയർന്നു. എല്ലാ ജില്ലകളിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. 1,10,229 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,09,683 പേർ വീടുകളിലും 616 പേർ ആശുപത്രികളിലുമാണ്.

അതേസമയം,​ ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 27,324 ആയി ഉയർന്നു. 24 മണിക്കൂറിനിടെ മൂവായിരത്തോളം പേരാണ് മരിച്ചത്. ആകെ രോഗികളുടെ എണ്ണം ആറുലക്ഷത്തോളമായി. ഇതിൽ ഒരു ലക്ഷത്തിലധികം രോഗികൾ അമേരിക്കയിൽ നിന്നാണ്.