വാഷിംഗ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് ലോക സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പ്രവേശിച്ചുവെന്ന് അന്താരാഷ്ട്ര നാണയനിധി മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ഇതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ സാഹായിക്കാൻ ഒരുപാട് പണം അവശ്യമായി വരും. 2009 നെക്കാൾ മോശമായ അവസ്ഥയിലാണ് ലോകം പോയികൊണ്ടിരിക്കുന്നതെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സാമ്പത്തിക കൈമാറ്റം പെട്ടെന്ന് നിർത്തലാക്കേണ്ടി വന്നതാണ് മാന്ദ്യത്തിന് കാരണമായത്. നിലവിലെ അവസ്ഥയിൽ 2.5 ട്രില്ല്യയൺ ഡോളറാണ് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായുളളത്. എന്നാൽ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്നും ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.
നിലവിലെ സാമ്പത്തിക മാന്ദ്യം ദരിദ്ര രാജ്യങ്ങളെ കൂടുതൽ കടകെണിയിലാക്കും. എൻപതോളം രാജ്യങ്ങൾ നിലവിൽ അന്താരാഷ്ട്ര നാണയനിധിയിൽ സാമ്പത്തിക സാഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്ക് എത്രയും വേഗം പണം എത്തിക്കാനുളള നടപടി സ്വീകരിക്കും. അതേസമയം അമേരിക്ക 2.2 ട്രില്ല്യയൺ ഡോളറിന്‍റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് ഏറെ സാഹായകരമാകുമെന്നും ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.