ന്യൂഡൽഹി: നിലവിൽ രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഒരു ദിവസം പുതുതായി 100 കേസുകൾ വന്നാലും നേരിടാൻ ആശുപത്രികളും ഡോക്ടർമാരും ഉൾപ്പെടെ എല്ലാം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ രൂപീകരിച്ച ഡോക്ടർമാരുടെ അഞ്ചംഗ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകൾ കൂടുമ്പോൾ എന്ത് ചെയ്യണമെന്നതനുസരിച്ചുള്ള മാർഗരേഖയാണ് തയ്യാറാക്കിയത്.
'സമിതിയുടെ നിർദേശ പ്രകാരം മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇത് ആവിഷ്‌കരിച്ച് വരികയാണ്. ആദ്യ ഘട്ടത്തിൽ പ്രതിദിനം 100 രോഗികൾ, രണ്ടാം ഘട്ടം അഞ്ഞൂറ് രോഗികൾ, മൂന്നാം ഘട്ടം ആയിരം രോഗികൾ എന്നിങ്ങനെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഒരോ ഘട്ടത്തിലും ആവശ്യമായ ആംബുലൻസ്, ഡോക്ടർമാർ, വെന്റിലേറ്റർ ഉൾപ്പെടെ സാഹചര്യം നേരിടാൻ ആവശ്യമായ നടപടികളിലേക്ക് ഞങ്ങൾ കടക്കുകയാണ്. എവിടെയെല്ലാം കുറവുള്ലതെന്നും പരിശോധിച്ച് അത് നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.'-കെജ്‌രിവാൾ വ്യക്തമാക്കി.