corona-america

വാഷിങ്ടൺ: കൊറോണയ്‌ക്കെതിരെ പോരാടുന്ന 64 രാജ്യങ്ങൾക്ക് അമേരിക്ക 174 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യയ്ക്ക് 2.9 മില്യൻ ഡോളർ (217 കോടി രൂപയിലധികം) സഹായം ലഭിക്കും. ലോകത്താകമാനം കൊറോണ പിടിക്കുമ്പോൾ അമേരിക്ക ഒപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.


ലബോറട്ടറി സംവിധാനങ്ങൾ തയ്യാറാക്കുക, രോഗ നിർണയം, നിരീക്ഷണം സജീവമാക്കുക, പ്രതികരണത്തിനും തയ്യാറെടുപ്പിനുമായി സാങ്കേതിക വിദഗ്ധരെ സഹായിക്കുക എന്നിവയ്ക്കാണ് സഹായം. ആഗോള ആരോഗ്യ നേതൃത്വത്തിന്റെ ഭാഗമായിട്ടാണ് ധനസഹായം പ്രഖ്യാപിച്ചതെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് (യു.എസ്.എ.ഐ.ഡി) ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ബോണി ഗ്ലിക്ക് പറഞ്ഞു.

കഴിഞ്ഞ മാസം അമേരിക്ക പ്രഖ്യാപിച്ച 100 മില്യൺ ഡോളർ സഹായത്തിന് പുറമെയാണ് പുതിയ ധനസഹായം. 20 വർഷത്തിനിടെ ഇന്ത്യക്ക് യുഎസ് 2.8 ബില്യൺ ഡോളർ സഹായം നൽകിയിട്ടുണ്ടെന്നും, ഇതിൽ 1.4 ബില്യൺ ഡോളർ ആരോഗ്യ സഹായമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.