brazil-president

സാവോ പോളോ: കൊറോണയെ പേടിച്ചിരിക്കാതെ ജനങ്ങളോട് തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന ആഹ്വാനവുമായി ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസൊണാരോ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കാണ് പ്രധാന്യം നൽകേണ്ടതെന്നും പ്രസിഡന്റ് വ്യക്തമാക്കി.

'എന്നോട് ക്ഷമിക്കണം, ചിലയാളുകൾ മരിക്കും അതാണ് ജീവിതം. വാഹനപടകങ്ങൾ മൂലം ആളുകൾ മരിക്കുന്നുണ്ടെന്ന് കരുതി കാർ ഫാക്ടറി അടച്ചുപൂട്ടാനാകില്ല.'-പ്രസിഡന്റ് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജെയിർ ബൊൽസൊണാരോയുടെ വിവാദ പരാമർശം. രാജ്യത്ത് കൊറോണ ബാധിച്ച് നിരവധിയാളുകൾ മരിച്ചിരുന്നു. എന്നാൽ മരണസംഖ്യ സംബന്ധിച്ച് തനിക്ക് സംശയമുണ്ടെന്നും, അത് സ്റ്റേറ്റ് ഗവർണർമാർ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പറയുന്നതാകാമെന്നുമാണ് പ്രസിഡന്റിന്റെ പ്രതികരണം.

രാജ്യത്തെ 26 ഗവർണ‌ർമാർ കൊറോണ വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമ്പദ്‌വ്യവസ്ഥയ്ക്കാണ് പ്രധാന്യം നൽകേണ്ടതെന്ന പ്രതികരണവുമായി പ്രസിഡന്റ് രംഗത്തെത്തിയത്. രോഗം വ്യാപനം തടയാൻ സാമൂഹിക വിലക്കേര്‍പ്പെടുത്തുന്നതിന് പകരം സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിനാണ് ഭരണകൂടം പ്രാധാന്യം നല്‍കുന്നതെന്ന് ഗവര്‍ണര്‍മാര്‍ നേരത്തേ വിമർശിച്ചിരുന്നു.