തിരുവനന്തപുരം: 'അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങൾക്കു തമ്പുരാൻ.' ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകത്തിലെ വരികളാണിത്. കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ പുകഴ്ത്തിക്കൊണ്ട് സ്വാമി സന്ദീപാനന്ദഗിരിയുടെ വാക്കുകളാണിത്. അന്നവും വസ്ത്രവും ഞങ്ങൾ ചോദിക്കാതെതന്നെ ഞങ്ങൾക്കുതന്ന് ഞങ്ങളെ രക്ഷിച്ച് ധന്യരാക്കുന്ന അവിടുന്ന് ഒരാൾ മാത്രമാണ് ഞങ്ങളുടെ ഈശ്വരൻ എന്നാണ് പിണറായിയെപ്പറ്റി സന്ദീപാനന്ദഗിരി പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

' അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങൾക്കു തമ്പുരാൻ.' ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകത്തിലെ വരികളാണിത്. അന്നവും വസ്ത്രവും ഞങ്ങൾ ചോദിക്കാതെതന്നെ ഞങ്ങൾക്കുതന്നു ഞങ്ങളെ രക്ഷിച്ച് ധന്യരാക്കുന്ന അവിടുന്ന് ഒരാൾ മാത്രമാണ് ഞങ്ങളുടെ ഈശ്വരൻ.

കാലാതിവർത്തിയായ ശ്രീനാരായണ ഗുരുദേവൻ സത്യസങ്കല്പനാണ്, അല്ലയോ ഗുരുദേവാ, അവിടന്നു രചിച്ച ഈ വരികൾ കേരളസർക്കാരിലൂടെ ഞങ്ങളിന്ന് അനുഭവിക്കുന്നു. ഈശ്വരൻ എന്ന സംസ്‌കൃത ശബ്ദത്തിന് ഭരണനിപുണൻ എന്ന് അർത്ഥമെഴുതിയ പാണിനിയുടെയും യാസ്‌കന്റെയും ചിന്ത അന്വർത്ഥമാകുന്നു ദൈവത്തിന്റെ സ്വന്തം നാടായ ഞങ്ങളുടെ കേരളത്തിൽ.

പ്രിയ മുഖ്യമന്ത്രീ, അവിടുന്ന് ധന്യനാണ്. എന്തെന്നാൽ അങ്ങേക്ക് ജന്മം നൽകിയ മാതാവും പിതാവും അങ്ങയിലൂടെ ധന്യരായിതീർന്നിരിക്കുന്നു. 'ധന്യോസി കൃതകൃത്യോസി പാവിതം തേ കുലം ത്വയാ' ധന്യനും കൃതകൃത്യനുമായി തീർന്നിരിക്കുന്ന അങ്ങയിലൂടെ മലയാളി സമൂഹം പവിത്രീകരിക്കപ്പെട്ടിരിക്കുന്നു.'' ഗുരുദേവ സ്മരണയോടെ ഫേസ് ബുക്ക് പാേസ്റ്റ് അവസാനിക്കുന്നു