തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയെ തുടർന്ന് സംസ്ഥാനത്തെ രക്തദാനത്തിന്റെ അളവ് കുത്തനെ കുറഞ്ഞു. പ്രതിദിന ശരാശരിയനുസരിച്ച് 4000 യൂണിറ്റ് രക്തമാണ് ബ്ലഡ് ബാങ്കുകളിലെത്തിയിരുന്നതെങ്കിൽ കെറോണ വൈറസ് ഭീതിക്ക് പിന്നാലെ അളവ് കുത്തനെ കുറഞ്ഞു. നിലവിൽ 1000 യൂണിറ്റ് രക്തം പോലും സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ എത്തുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യമൊഴിവാക്കാൻ സർക്കാർ സ്വീകരിച്ച മുൻകരുതലുകൾ രക്തദാനത്തെയും ബാധിച്ചുവെന്ന് ഈ മേഖലയിൽ പ്രവർത്തനം നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നു. രക്തം ലഭിക്കാതായതോടെ സംസ്ഥാനത്ത് ശസ്ത്രക്രിയകൾ കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയാണ്.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് രക്തം ലഭിക്കാത്തതിനെ തുടർന്ന് കൂടുതലും മാറ്റിവച്ചിരിക്കുന്നത്. രക്തദാന ക്യാമ്പുകളിലൂടെയാണ് ആവശ്യത്തിനുള്ള രക്തം വിവിധ ബ്ലഡ്ബാങ്കുകളിൽ എത്തുന്നത്. എന്നാൽ കൊറോണ വൈറസ് ഭീതി വിതച്ചതോടെ ക്യാമ്പുകൾ നിറുത്തിവയ്ക്കുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമായതോടെ ആരോഗ്യവകുപ്പ് തന്നെ ചില നിയന്ത്രണങ്ങളോടെ രക്തദാന ക്യാമ്പുകൾക്ക് അനുമതി നല്‍കുകയും ചെയ്തു. ഇതേ തുടർന്ന് ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന സംഘടനകൾ രക്തദാന ക്യാമ്പയിന് ആഹ്വാനം ചെയ്തിരുന്നു.
എൻഎസ്എസ്, യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തുടങ്ങിയവ വഴിയാണ് കൂടുതലും വിദ്യാർത്ഥികൾ രക്തദാനത്തിന്റെ ഭാഗമാകുന്നത്. എന്നാൽ കൊറോണ വൈറസ് മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ കോളജുകളും മറ്റ് സ്ഥാപനങ്ങളും നേരത്തെ തന്നെ അടച്ചതോടെ രക്തം നല്‍കുവാനെത്തുന്ന ആളുകളുടെ എണ്ണവും പകുതിയായി കുറഞ്ഞു. നിലവിൽ രക്തദാനം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും കൂടുതൽ സങ്കീർണമാണ്.
കുടുംബത്തിൽ മറ്റാർക്കെങ്കിലും പനിയോ മറ്റേതെങ്കിലും അസുഖമുണ്ടെങ്കിലോ രക്തം സ്വീകരിക്കുവാൻ പാടില്ലെന്നാണ് നിർദേശം. മറ്റേതെങ്കിലും രാജ്യത്ത് നിന്നുള്ള വ്യക്തികൾക്ക് ഇവിടെ രക്തം ദാനം ചെയ്യുന്നതിന് പരിമിതികളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ജില്ലകൾ തിരിച്ചാണ് നിയന്ത്രണം. മറ്റേതെങ്കിലും ജില്ലയിൽ നിന്നുള്ള വ്യക്തിക്ക് വേറൊരു ജില്ലയിലെത്തി രക്തം ദാനം ചെയ്യുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
അപൂർവ്വ രക്തഗ്രൂപ്പുള്ള രോഗികളുടെ മുന്നോട്ടുളള ചികിത്സകൾക്കാണ് കൂടുതൽ പ്രതിസന്ധിയുണ്ടായിട്ടുള്ളത്. ദിവസങ്ങൾക്കുള്ളിൽ രക്ത ബാങ്കുകൾ ശൂന്യമാകുമെന്ന പേടിയിലാണ് പല ആശുപത്രികളും. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബ്ലഡ് ഡോണേഴ്സ് കേരള ഘടകം ഭാരവാഹികൾ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.