തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള സമ്പൂർണ ലോക്ക് ഡൗണിൽ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളും ഹോട്ടലുകളും അടച്ചിടുകയും പൊറോട്ടയും ബീഫ് ഫ്രൈയും പഴങ്കഥയാകുകയും ചെയ്തതോടെ വീടുകളിൽ നാടൻ വിഭവങ്ങൾക്ക് പ്രിയമേറി. ബേക്കറികൾ കൂടി അടച്ചതോടെ പലഹാരങ്ങൾക്കും റെഡിമെയ്ഡ് ഫുഡുകൾക്കും നിർവാഹമില്ലാതായതോടെ കുട്ടികളുൾപ്പെടെ വിശപ്പകറ്റാൻ കപ്പ, ചേമ്പ്, ചേന തുടങ്ങി നാടൻഭക്ഷണ രീതികളിലേക്ക് തിരിഞ്ഞുകഴിഞ്ഞു.
ലോക്ക് ഡൗണിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും അമിതവിലയുമാണ് പലരും സ്വന്തം പറമ്പുകളിലേക്ക് തിരിയാൻ കാരണമായത്. കൊറോണ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ അനിശ്ചിതമായി തുടരുന്നത് നിത്യാപയോഗ സാധനങ്ങളുടെ ക്ഷാമത്തിന് ഇടയാക്കുമെന്ന തിരിച്ചറിവിൽ പലരും വീടുകളിൽ ആഹാരസാധനങ്ങളുടെ ഉപയോഗത്തിൽ കടുത്ത നിയന്ത്രണം വരുത്തിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും പകരമായാണ് പലരും പുഴുക്ക് ഉപയോഗിക്കുന്നത്. കാർഷിക വിപണികൾ ലോക്ക് ഡൗണിൽ അടഞ്ഞതോടെ നാട്ടിൻ പുറങ്ങളിൽ സുലഭമായ കപ്പയ്ക്കും ചേമ്പിനും ഉദ്ദേശിച്ച വില ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതോടെയാണ് പലരും വീട്ടാവശ്യത്തിന് ഇവ ഉപയോഗപ്പെടുത്താൻ തുടങ്ങിയത്.
പുഴുക്കിന് ഡിമാൻഡ് കൂടിയതോടെ രണ്ടാഴ്ച മുമ്പ് വരെ കിലോയ്ക്ക് 20 രൂപയായിരുന്ന ചേനയ്ക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ വില ഇരട്ടിയായി. പച്ചക്കറി വില റോക്കറ്റിലേറിയെങ്കിലും ചക്കയുടെ സീസൺ ആയതിനാൽ ഗ്രാമങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. ചക്കപ്പുഴുക്കും,ചക്ക വേവിച്ചതും , ചക്കത്തോരനുമൊക്കെ ഗ്രാമങ്ങളിലെ തീൻമേശകളിൽ തിരിച്ചെത്തിക്കഴിഞ്ഞു. മീൻ കിട്ടാനില്ലാതായതോടെ ചോറിൽ ഒഴിക്കാൻ മുരിങ്ങയിലക്കറി, മോര്, പരിപ്പ് , മുതിരച്ചാർ എന്നിവയ്ക്കും ഡിമാൻഡേറി. മീനിന്റെ കുറവ് പരിഹരിക്കാൻ ഉണക്കച്ചെമ്മീൻ ചമ്മന്തി, ഉണക്കമീൻ വറുത്തത്, പപ്പടം എന്നിവയാണ് ആശ്രയം. ചീര, പയർ, പാവൽ, പടവലം, തക്കാളി , മുരിങ്ങക്ക, വാഴയ്ക്ക , വാഴക്കൂമ്പ് തുടങ്ങിയ നാടൻ പച്ചക്കറികൾക്കും പ്രിയം കൂടിയിട്ടുണ്ട്. നാടൻ കർഷകരും മട്ടുപ്പാവ് കൃഷിക്കാരും സ്വന്തം ഉൽപ്പന്നങ്ങളുമായാണ് പച്ചക്കറി വിപണിയിലെ അമിതവിലയോട് കിടപിടിക്കുന്നത്.