തിരുവനന്തപുരം: ലോക്ക് ഡൗൺ സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ട അവസ്ഥയുണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരസഭ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകൾക്ക് വൻ വരവേൽപ്പ്. തിരുവനന്തപുരം നഗരസഭയുടെ കീഴിൽ തൈക്കാട് ഗവ. മോഡൽ എൽ.പി സ്‌കൂളിലാണ് നഗരത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചൺ വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചത്. ഇത് കൂടാതെ ഉള്ളൂരിലെ ഇ.കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിലും പരുത്തിപ്പാറയിലുമാണ് കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിന്റെ എണ്ണം വർദ്ധിപ്പിച്ച് പരമാവധി ആളുകൾക്ക് ഭക്ഷണം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭയെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി ബിനു കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
മോഡൽ എൽപി സ്‌കൂളിൽ തിരുവനന്തപുരം നഗരസഭയുടെയും നഗരസഭാ ജീവനക്കാരുടെ സംഘടനയായ കെ.എം.സി.എസ്.യുവിന്റെയും നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. നഗരസഭാ ജീവനക്കാരായ നിരവധി വോളന്റിയർമാരും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു. മോഡൽ സ്‌കൂളിലെ അദ്ധ്യാപക സംഘടനയായ കെ.എസ് .ജി.എയുടെ പൂർണ പിന്തുണയും പദ്ധതിക്ക് ലഭിക്കുന്നുണ്ട്.
ഒറ്റയ്ക്ക് കഴിയുന്നവർക്കും ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത വയോജനങ്ങൾക്കും കോർപ്പറേഷനിൽ വിവരമറിയിക്കാം. വീടും സ്ഥലവും അനുബന്ധ വിവരങ്ങളും നല്‍കിയാൽ ഭക്ഷണം വീട്ടിലെത്തും. സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, 9496434448, 9496434449, 9496434450 എന്നീ നമ്പറുകളിൽ വിളിച്ചോ ഭക്ഷണത്തിന് ആവശ്യപ്പെടുന്ന ആളുകളുടെ വിവരം നഗരസഭ ലിസ്റ്റ് ചെയ്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറുന്നു. ആവശ്യക്കാരുടെ വിവരങ്ങൾ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലും തയാറാക്കും. പട്ടിക പ്രകാരം ഏത് പ്രദേശത്താണോ ആഹാരം എത്തിക്കേണ്ടത് അവിടെയുള്ള ഹെൽത്ത് സർക്കിൾ ഓഫീസുമായി ബന്ധപ്പെട്ട് വോളന്റിയർ സംവിധാനത്തിന്റെ സഹായത്തോടുകൂടി ആഹാരം കൃത്യമായി വീടുകളിലേക്കെത്തിക്കും.
ആവശ്യക്കാർ ദിനംപ്രതി വർദ്ധിക്കുമ്പോഴും ആഹാരത്തിന്റെ ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലയെന്ന് ഐ.പി ബിനു പറഞ്ഞു. സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ വിഭവങ്ങളാണ് കമ്മ്യൂണിറ്റി കിച്ചണിൽ ഒരുക്കുന്നത്. രാവിലെ ഉപ്പുമാവും പഴവും അല്ലെങ്കിൽ ചപ്പാത്തിയും. വെജിറ്റബിൾ കറിയുമാണ്. ഉച്ചയ്ക്ക് തോരൻ, അച്ചാർ, രസം, ചോറ് /അവിയൽ, പരിപ്പ് കറി, അച്ചാർ, ചോറ് , വൈകിട്ട് ചപ്പാത്തി (നാലെണ്ണം വീതം), കടലക്കറി, പഴം.
ദിവസവും വ്യത്യസ്തമായ വിഭവങ്ങളാണ് കമ്മ്യൂണിറ്റി കിച്ചണിൽ ആവശ്യക്കാർക്കായി ഒരുക്കുന്നത്.രാവിലെയും, ഉച്ചയ്ക്കും 300 പേർക്കും, വൈകിട്ട് 500 പേർക്കുമാണ് ഭക്ഷണം തയ്യാറാക്കുന്നത്. ലഭിക്കുന്ന ഓർഡർ അനുസരിച്ച് ഇത് വർദ്ധിക്കും. നിരവധി സന്നദ്ധ സംഘടനകളാണ് അരിയും പച്ചക്കറികളും, ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന നല്‍കുന്നത്.