cvd

കൊച്ചി: ആദ്യ കൊറോണ മരണത്തിന്റെ ഞെട്ടലിലാണ് കേരളം. 69കാരനായ ചുള്ളിക്കൽ സ്വദേശി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ചുള്ളിക്കൽ സ്വദേശിക്കൊപ്പം 15 പേരാണ് എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ഉണ്ടായിരുന്നത്. ഇതിൽ ഹൈ റിസ്‌ക് രോഗിയായിരുന്നു ഇദ്ദേഹം. കടുത്ത ഹൃദ്രോഗത്തോടൊപ്പം കൊറോണ കൂടി ബാധിച്ചതാണ് ഹൈ റിസ്‌ക് രോഗിയായി ആരോഗ്യ വകുപ്പ് പരിഗണിച്ചത്. 22ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത് മുതൽ 69കാരന്റെ നില അത്ര മെച്ചമായിരുന്നില്ല.

ഇതിനിടെ, ശ്വാസകോശ രോഗം മൂർച്ഛിച്ചു. തുടർന്ന് ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ഇന്ന് രാവിലെ നില കൂടുതൽ വഷളായി. എട്ട് മണിയോടെ മരണം സംഭവിച്ചു. എന്നാൽ, നാല് മണിക്കൂർ പിന്നിട്ട് എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമായിരുന്നു ജില്ലാ ഭരണകൂടം വിവരം പുറത്ത് വിട്ടത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വ്യക്തമായ നിർദ്ദേശം പാലിച്ചായിരിക്കും മരണാനന്തര ചടങ്ങ്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.