തിരുവനന്തപുരം: സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന ജർമ്മൻ സ്വദേശികൾക്ക് ആശ്വാസം. പരിശോധനാ ഫലം നെഗറ്റീവായ ജർമ്മൻകാർ ചൊവാഴ്ച സ്വദേശത്തേക്ക് മടങ്ങും. ഇവരെ ജർമ്മനിയിലേക്ക് കൊണ്ടു പോകാൻ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവാഴ്ച രാവിലെ എട്ട് മണിയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.മുംബയിൽ നിന്ന് വരുന്ന വിമാനം യാത്രക്കാരെ കയറ്റിയ ശേഷം 9.45 ന് വിമാനത്താവളത്തിൽ നിന്ന് തിരിക്കും. വീണ്ടും മുംബയ് വിമാനത്താവളത്തിലിറങ്ങുന്ന വിമാനം അവിടെയുണ്ടായിരുന്ന ജർമ്മൻകാരെ കൂടി കയറ്റി ജർമ്മനിയിലേക്ക് പോകും.
ഏകദേശം നൂറ്റി അമ്പതോളം യാത്രക്കാർ വിമാനത്തിലുണ്ടാകുമെന്നാണ് സൂചന. ഒന്നാം തീയതി തിരിച്ച് വരുന്ന വിമാനത്തിൽ ജർമ്മനിയിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള ആലോചനകളും ഉന്നതതലത്തിൽ നടക്കുന്നുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് വിമാന സർവ്വീസ് നിർത്തിയശേഷം ആദ്യമായാണ് വിമാന സർവ്വീസ് സംസ്ഥാനത്ത് 31ന് നടക്കുന്നത്.നിലവിൽ കാർഗോ സർവീസുകൾ മാത്രമാണ് നടക്കുന്നത്.