locked-rupee

കൊച്ചി: കൊറോണ സൃഷ്‌ടിച്ച സമ്പദ്‌പ്രതിസന്ധിയുടെയും ലോക്ക്ഡൗണിന്റെയും പശ്‌ചാത്തലത്തിൽ റിസർവ് ബാങ്ക് എല്ലാ ടേം ലോണുകൾക്കും മൂന്നുമാസത്തേക്ക് (മാർച്ച് ഒന്നുമുതൽ മേയ് 31 വരെ) മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ആശ്വസിക്കാൻ വരട്ടെ. ഈ ആനുകൂല്യം കിട്ടണമെങ്കിൽ ബാങ്കുകൾ കനിയുക തന്നെ വേണം.

മോറട്ടോറിയം നടപ്പാക്കാനുള്ള അനുമതിയാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയത്. ഇതു നടപ്പാക്കണോയെന്ന് അതത് ബാങ്കുകളുടെ ഡയറക്‌ടർ ബോർഡാണ് തീരുമാനിക്കേണ്ടത്. കൊറോണമൂലം സാമ്പത്തിക ആഘാതം ഉണ്ടായവർക്കേ മോറട്ടോറിയം ലഭിക്കാൻ സാദ്ധ്യതയുള്ളൂ.

അതുകൊണ്ട്, താൻ മോറട്ടോറിയത്തിന് യോഗ്യനാണോ എന്ന് ഉപഭോക്താവ് ബന്ധപ്പെട്ട ബാങ്ക് ശാഖയിൽ അന്വേഷിക്കണം.

ബാങ്കിൽ ബന്ധപ്പെടണം

മോറട്ടോറിയം 'ഓട്ടോമാറ്രിക്" ആയി ലഭിക്കില്ല. ഇതിനായി ഉപഭോക്താവ് ബാങ്കിൽ ബന്ധപ്പെടണം.

 എന്നാൽ, കൊറോണ രാജ്യത്തെ ആകെ ഉലച്ചതിനാലും ലോക്ക്‌ഡൗൺ മൂലം ഒട്ടുമിക്ക മേഖലകളും സ്‌തംഭിച്ചതിനാലും പ്രതിസന്ധി എത്രനാൾ നീളുമെന്ന് വ്യക്തമല്ലാത്തതിനാലും ഒട്ടുമിക്ക ബാങ്കുകളും എല്ലാ ടേം വായ്‌പകൾക്കും മോറട്ടോറിയം നൽകിയേക്കും.

 എസ്.ബി.ഐ തങ്ങളുടെ എല്ലാ വായ്‌പകൾക്കും മോറട്ടോറിയം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ബാധകമായ

വായ്‌പകൾ?

 ഭവന വായ്‌പ

 കാർഷിക വായ്‌പ

 എം.എസ്.എം.ഇ വായ്‌പ

 വിദ്യാഭ്യാസ വായ്‌പ

 വ്യക്തിഗത വായ്‌പ

 ഈടിന്മേലുള്ള വായ്‌പ

 വാഹന വായ്‌പ

 ക്രെഡിറ്റ് കാർഡ് പേമെന്റ്

എതൊക്കെ ബാങ്കുകൾ

 വാണിജ്യ ബാങ്കുകൾ

 ഹൗസിംഗ് ഫിനാൻസ് സ്ഥാപനങ്ങൾ

 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി)

 റീജിയണൽ ബാങ്കുകൾ

 റൂറൽ ബാങ്കുകൾ

 സഹകരണ ബാങ്കുകൾ

 സ്‌മാൾ ഫിനാൻസ് ബാങ്കുകൾ

പലിശയും അടയ്ക്കേണ്ടേ?

മോറട്ടോറിയം പ്രഖ്യാപിച്ച മൂന്നുമാസക്കാലത്തേക്ക് വായ്‌പാത്തവണയും (ഇ.എം.ഐ) പലിശയും അടയ്ക്കേണ്ട. ഈ മൂന്നുമാസത്തെ പലിശ ബാങ്കുകൾ പിന്നീട് ഈടാക്കും.

വായ്‌പാ തിരിച്ചടവ്

ഒഴിവാക്കിയതാണോ?
അല്ല. മൂന്നുമാസത്തെ സാവകാശമാണ് മോറട്ടോറിയം. തിരിച്ചടവിന്റെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടുകയാണ് ചെയ്യുന്നത്. മാർച്ച് ഒന്നുമുതൽ മേയ് 31വരെ വായ്‌പയുടെ തവണകൾ അടയ്ക്കേണ്ട. മൂന്നുമാസത്തിന് ശേഷം പതിവുപോലെ അടച്ചുതുടങ്ങണം.

ക്രെഡിറ്ര് സ്‌കോറിനെ

ബാധിക്കുമോ?

മോറട്ടോറിയം പ്രഖ്യാപിച്ചതിനാൽ, വായ്‌പാത്തിരിച്ചടവ് മുടങ്ങുന്നത് ഉപഭോക്താവിനെ ക്രെഡിറ്ര് സ്‌കോറിനെ ബാധിക്കില്ല.

ക്രെഡിറ്ര് കാർഡ് പേമെന്റിന്

മോറട്ടോറിയം ബാധകമാണോ?

ബാധകമാണ്. മൂന്നുമാസത്തെ സാവകാശം ഇതിനും കിട്ടും. എന്നാൽ, ഈ മൂന്നുമാസത്തെ പലിശ ബാങ്കുകൾ പിന്നീട് ഈടാക്കും.

മോറട്ടോറിയം വേണ്ടന്നു

വയ്‌ക്കാനും അവകാശം

സാമ്പത്തിക പ്രശ്‌നമില്ലെങ്കിൽ മോറട്ടോറിയം വേണ്ടെന്ന് വയ്ക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. ഇക്കാര്യം ബാങ്കിലറിയിക്കണം. തിരിച്ചടവ് കാലാവധി കുറഞ്ഞുനിൽക്കുന്നതാണ് ഉപഭോക്താവിന് എപ്പോഴും നല്ലത്. പലിശഭാരം കുറയും. മോറട്ടോറിയം സ്വീകരിച്ചാൽ, ആ മൂന്നുമാസത്തെയും നീട്ടിക്കിട്ടിയ മൂന്നുമാസത്തെയും പലിശ അടയ്ക്കേണ്ടി വരും.

₹89 ലക്ഷം കോടി

വ്യക്തികൾക്കും കമ്പനികൾക്കുമായി രാജ്യത്തെ ബാങ്കുകൾ നൽകിയ മൊത്തം വായ്‌പാ മൂല്യം 2020 ജനുവരി 31 പ്രകാരം 89 ലക്ഷം കോടി രൂപ.

₹60,000 കോടി

എല്ലാ ടേം വായ്‌പകൾക്കും മോറട്ടോറിയം നൽകുമെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഈ മൂന്നുമാസക്കാലം എസ്.ബി.ഐയിൽ അടയ്ക്കാതെ വരുന്ന തുക 60,000 കോടി രൂപയോളമായിരിക്കും. ഒരുവർഷം 2.5 ലക്ഷം കോടി രൂപവരെയാണ് ഉപഭോക്താക്കൾ എസ്.ബി.ഐയിൽ വായ്‌പാത്തിരിച്ചടവ് നടത്തുന്നത്.