റോം: കൊറോണ വൈറസ് സംഹാരം തുടരുന്ന ഇറ്റലിയിൽ വെള്ളിയാഴ്ച മാത്രം 969 പേർ മരിച്ചു. കൊറോണയിൽ ഒരു രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. ആകെ മരണം പതിനായിരത്തിലെത്തി.
മൃതദേഹങ്ങൾ കുന്നുകൂടിയതോടെ രാജ്യമാകെ നിശബ്ദമായി. ലോക്ക്ഡൗണിനെ അതിജീവിക്കാൻ ജനങ്ങൾ ബാൽക്കണികളിൽ പാട്ട് പാടിയിരുന്നതും കൈയടിച്ചിരുന്നതുമൊക്കെ നിലച്ചു. എവിടെയും ശ്‌മശാനമൂകത.
വെള്ളിയാഴ്ച മാത്രം 4401 പുതിയ കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ആകെ രോഗികൾ 86,498. കഴിഞ്ഞ ശനിയാഴ്ച 793 പേർ മരിച്ചിരുന്നു. 51 ഡോക്ടർമാരും മരിച്ചു. വ്യാഴാഴ്ച വരെ 6414 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ലോക്ക്ഡൗൺ കടുപ്പിച്ചതോടെ സത്യവാങ്മൂലം എഴുതിയാലേ പുറത്തിറങ്ങാനാകൂ. വ്യായാമത്തിനോ പ്രഭാതസവാരിക്കോ പോലും അനുവാദമില്ല. ജനങ്ങൾക്ക് മാനസിക സമ്മർദ്ദവും ഏറുന്നു.
@ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഏകനായി പ്രാർത്ഥന നടത്തി
198ലേറെ രാജ്യങ്ങളിലായി ആറു ലക്ഷത്തിലേറെ രോഗികൾ, മരണം 28,000 കവിഞ്ഞു. സ്‌പെയിൻ മരണസംഖ്യയിൽ ചൈനയെ മറികടന്നു. ഇന്നലെ മാത്രം 769 മരണം. ആകെ മരണം 5,000 കവിഞ്ഞു. 70,000ത്തിലധികം രോഗികൾ.
ഇറാനിൽ 144 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ആകെ മരണം 2,500 കടന്നു.
ലാറ്റിൻ അമേരിക്കയിൽ 118 മരണം. രോഗികൾ പതിനായിരം. ബ്രസീലിൽ 77മരണം, 3000ത്തിലേറെ രോഗികൾ.
അമേരിക്കയിൽ രോഗികൾ ഒരുലക്ഷം കവിഞ്ഞു. മരണം 2000. ന്യൂ ഓർലിയൻസ്, ചിക്കാഗോ, ഡെട്രോയിറ്റ് എന്നിവിടങ്ങളിലേക്ക് രോഗം പടരുകയാണ്. സ്ഥിതി ഏറ്റവും രൂക്ഷമായ ന്യൂയോർക്കിൽ 30,000 വെന്റിലേറ്റർ വേണമെന്ന ഗവർണറുടെ ആവശ്യം പ്രസിഡന്റ് ട്രംപ് തള്ളി. പല ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററില്ല. പല സംസ്ഥാനങ്ങളും ട്രംപുമായി ഏറ്റുമുട്ടലിലാണ്. ജനറൽ മോട്ടോഴ്‌സിനോട് വെന്റിലേറ്റർ നിർമ്മിക്കാൻ ട്രംപ് ഉത്തരവിട്ടു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രണ്ട് ലക്ഷം കോടിഡോളറിന്റെ പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നൽകി. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജാണ് ഇത്.
ബ്രിട്ടനിലും സ്ഥിതി രൂക്ഷമാകുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ബോറിസിന്റെ പങ്കാളിയും ഗർഭിണിയുമായ കാരി സൈമൺഡ്സിന് രോഗം സ്ഥിരീകരിച്ചില്ലെങ്കിലും ഐസൊലേഷനിലാക്കി. പ്രധാനമന്ത്രിയുടെ വസതിയും ഓഫിസുമായ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ ജീവനക്കാരും മുതിർന്ന മന്ത്രിമാരും സമ്പർക്ക വിലക്കിലാണ്.
തുർക്കിയിൽ രോഗികളുടെ എണ്ണവും (5700) മരണവും (92) വർദ്ധിക്കുന്നു. രാജ്യമൊട്ടാകെ സമ്പർക്ക വിലക്ക് 30 നഗരങ്ങൾ അടച്ചു.
11 പേർ മരിച്ച പാകിസ്ഥാനിൽ രോഗികളുടെ എണ്ണം 1400 ആയി.
ഇറാനിൽ ട്രെയിൻ യാത്രകൾ വിലക്കി. രണ്ടാം ഘട്ട രോഗവ്യാപനം.
റഷ്യയിൽ രാജ്യാന്തര വിമാന സർവീസുകൾ നിർത്തി. മോസ്കോയിലെ കടകൾ അടച്ചു. പള്ളികളിൽ ആരാധന നിറുത്തി