ലഗ്‌നൗ : കൊറോണ വൈറസ് ഭീതിയെ തുടർന്ന് പലായനം ചെയുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി 1000 ബസ് സർവീസുകൾ ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. വൈറസ് വ്യാപിക്കുന്നത് ഒഴിവാക്കാൻ രാജ്യത്ത് പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്ര ചെയ്യാൻ വാഹനമില്ലാത്തതിനാൽ 300-400 കിലോ മീറ്റർ നടന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പോകുന്നത്. വൈറസ് വ്യാപനം തടയാൻ ഏവരും വീട്ടിലിരിക്കണമെന്നാണ് സർക്കാർ നിർദേശം. ഈ അവസ്ഥയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കാൽ നടയായി യാത്ര പോകുന്നതിലെ അപകടം മനസിലാക്കിയാണ് യു പി സർക്കാരിന്റെ നടപടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായാണ് സർവീസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം യാത്രക്കാർക്ക് ഭക്ഷണവും വെളളവും മറ്റു യാത്ര സൗകര്യങ്ങളും ഒരുക്കണമെന്നും
സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.