തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങിയ മൂന്നുപേരെ കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര ഏത്തമിടീച്ചു. കണ്ണൂർ ആഴീക്കലിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കടവരാന്തയിൽ കൂട്ടംകൂടിനിന്ന നാട്ടുകാരായ മൂന്നുപേരെയാണ് എസ്.പി ആദ്യം പരസ്യമായി ഏത്തമിടീച്ചത്. പൊലീസ് വരുന്നത് കണ്ട് കൂട്ടംകൂടിനിന്നവരിൽ ചിലർ ഒാടിരക്ഷപ്പെട്ടു. അഴീക്കലിൽ തന്നെ മറ്റൊരു സ്ഥലത്ത് നാലുപേരെയും എസ്.പി ഏത്തമിടീച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്.പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ പൊലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മോധാവി ലോക്‌നാഥ് ബഹ്റ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.