തിരുവനന്തപുരം : കൊറോണയും ലോക്ക്ഡൗണുമൊന്നും ഏശാതെ കിള്ളിയാറിന് കുറുകെയുള്ള പഴകുറ്റി പാലത്തിൽ നിന്ന ചെല്ലപ്പനോട് പൊലീസുകാരൻ പറഞ്ഞു. ''അമ്മാവാ, ഇങ്ങനെ ഇറങ്ങി നടക്കരുത്, വീട്ടിൽ പോയിരിക്കൂ"...
ഇതാണ് വീടെന്ന് പാലത്തെ ചൂണ്ടി ചെല്ലപ്പൻ പറഞ്ഞപ്പോൾ പൊലീസുകാരന് അരിശം. കിഴവൻ തന്നെ കളിയാക്കിയതാണോ...
35 വർഷമായി പാലം വീടാക്കിമാറ്റിയ എഴുപതുകാരൻ പാലത്തിനടിയിലേക്ക് ഇറങ്ങി പോയപ്പോഴാണ് പൊലീസുകാരന് കാര്യം പിടികിട്ടിയത്.
നെടുമങ്ങാട് ചെല്ലാംകോട് സ്വദേശിയായ ചെല്ലപ്പൻ താമസിക്കുന്നത് ഈ പാലത്തിന്റെ ഒരുവശത്തുള്ള കോൺക്രീറ്റ് അടിസ്ഥാനത്തോടുചേർന്ന് പ്ലാസ്റ്റിക് ഷീറ്റും കീറച്ചാക്കും മറച്ചെടുത്ത ഭാഗത്താണ്. കുനിഞ്ഞു മാത്രം കയറാം. ഒരാളിന് കിടക്കാം.
നാട്ടുകാർ ഒരു പേരും നൽകി, 'പാലത്തിനടിയിൽ ചെല്ലപ്പൻ '.
സ്വന്തമായൊരു വീടുണ്ടാകുമെന്ന് ചെല്ലപ്പൻ സ്വപ്നം കണ്ടിരുന്നു. പാലത്തിനോട് ചേർന്ന പുറമ്പോക്കിൽ വാഴയും പച്ചക്കറിയും കൃഷി ചെയ്തുകിട്ടിയതൊന്നും തികഞ്ഞില്ല. ആവതുള്ള കാലത്ത് കിള്ളിയാറിൽ നിന്ന് അഞ്ചും പത്തും കുട്ട മണലൂറ്റി ചെറിയ തുക കിട്ടിയതിനാൽ പട്ടിണി കിടന്നില്ലെന്ന് മാത്രം. എത്രകൂട്ടിയിട്ടും ഒരു പിടി മണ്ണ് വാങ്ങാൻ കഴിഞ്ഞില്ല. പാർപ്പിട പദ്ധതികളിലൊന്നും ചെല്ലപ്പനെ ആരും കണ്ടില്ല. ചില നേതാക്കൾ ഇടപെട്ടതിനാൽ ഇലക്‌ഷൻ ഐ.ഡി കിട്ടി. 67 ാമത്തെ വയസിൽ ക്ഷേമ പെൻഷനും കിട്ടി. ആ തുകയും ആട്ടോസ്റ്റാൻഡിലുള്ളവർ നൽകുന്ന ചെറിയ സഹായങ്ങളുമാണ് ആശ്വാസം.
ഫ്ളാഷ്ബാക്ക്
ചെല്ലാംകോട് കോളനിയിൽ യോനോസിന്റെയും മേരിയുടെയും പത്തുമക്കളിൽ അഞ്ചാമനാണ് ചെല്ലപ്പൻ. കുടുംബത്തിന് ആകെയുണ്ടായിരുന്നത് രണ്ടുസെന്റ് സ്ഥലം. സഹോദരങ്ങളെല്ലാം വിവാഹിതരായി . കുടുംബ ഓഹരിയൊന്നും അവകാശപ്പെടാനില്ലാത്ത ചെല്ലപ്പൻ കല്ലമ്പാറയിലെ റോഡ് പുറമ്പോക്കിൽ ഒരുകൂര കെട്ടി. അത് റോഡ് വികസനത്തിന്റെ പേരിൽ ഒഴിപ്പിച്ചു. വീട് നൽകാമെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം. പഴകുറ്റിയിൽ ചേക്കേറിയ ചെല്ലപ്പൻ കിള്ളിയാറിൽ നിന്ന് ചില്ലറ മണലൂറ്റി വിറ്റ് ജീവിച്ചു. കടക്കാരുടെയും ആട്ടോക്കാരുടെയും സഹായിയായി. പാലത്തിനടിയിൽ താവളം കണ്ടെത്തി. ഇതിനിടയിൽ കോട്ടൂരിൽ ചേട്ടന്റെ വീട്ടിൽ കുറച്ചുനാൾ താമസിച്ചപ്പോൾ സമീപത്തെ ലളിത എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിലായി. സർക്കാരിന്റെ വീട് കിട്ടുമ്പോൾ കൂടെകൂട്ടാമെന്ന് ലളിതയ്ക്ക് വാഗ്ദാനം നൽകി. പക്ഷേ ആഗ്രഹങ്ങളൊന്നും നടന്നില്ല. ' ലളിതയും വിവാഹം കഴിച്ചില്ല , ഏഴെട്ടു വർഷം മുൻപ് മരിച്ചു ' - പറഞ്ഞു നിറുത്തിയപ്പോൾ ചെല്ലപ്പന്റെ കണ്ണുകൾ നിറഞ്ഞു.