ലോക്ക് ഡൗൺ കാലത്തെ ജീവിതത്തെക്കുറിച്ച് അന്താരാഷ്ട്ര വോളിബാൾ താരം ടോം ജോസഫ്
ഏഴാം ക്ളാസുവരെയുള്ള സമയത്ത് കോഴിക്കോട് തൊട്ടിൽപ്പാലം പൂതൻപാറയിലെ വീട്ടുപറമ്പിൽ തെങ്ങിന് തടം തുറക്കാനും കപ്പയ്ക്ക് ഇട കിളയ്ക്കാനുമൊക്കെ അപ്പനൊപ്പം കൂടിയിരുന്ന കുട്ടിയായിരുന്നു ടോം ജോസഫ്. എട്ടാം ക്ളാസിൽ കോഴിക്കോട് സായ് സെന്ററിലേക്ക് വോളിബാൾ കളിക്കാൻ സെലക്ഷൻ കിട്ടിയശേഷം കുന്താലിയും മൺവെട്ടിയും കൈകൊണ്ട് തൊട്ടിട്ടില്ല. എന്നാൽ ഇൗ കൊറോണക്കാലത്തെ വീട്ടിലിരുപ്പിൽ തന്നിലെ പഴയ കർഷകനെ പൊടിതട്ടിയെടുത്തിരിക്കുകയാണ് ടോം.
നിരവധി അന്താരാഷ്ട്ര വോളി മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ടോം ഇപ്പോൾ കൊച്ചി ബി.പി.സി.എൽ ജീവനക്കാരനാണ്.തൃപ്പൂണിത്തുറ പുതിയകാവിലെ സ്വന്തം വീട്ടിൽ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം താമസം.വീടിനോട് ചേർന്ന ഏഴ് സെന്റ് പുരയിടത്തിലാണ് കൃഷി പരീക്ഷണം.ഒട്ടുമാവുകൾ,റമ്പൂട്ടാൻ, വാഴ, പയർ, വഴുതന തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്.
മലബാറിലെ മലയോര കർഷകകുടുംബത്തിലാണ് ജനിച്ചതെന്നതിനാൽ കൃഷിപ്പണിയോട് പണ്ടേ താത്പര്യമുണ്ടായിരുന്നു.കൊച്ചിയിലേക്ക് മാറിയശേഷം കൃഷിയൊക്കെ നാട്ടിലെത്തുമ്പോൾ കാണുന്ന ഗൃഹാതുരത്വമുള്ള ഒാർമ്മകൾ മാത്രമായി. വീടിനോട് ചേർന്ന ഇത്തിരിസ്ഥലത്ത് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പരിശീലനവും കളിയുമൊക്കെ കഴിയുമ്പോൾ ഒട്ടും സമയമില്ലായിരുന്നു. ഇപ്പോൾ എല്ലാത്തിനും ആവശ്യത്തിലേറെ സമയം.മക്കൾക്കും നല്ല താത്പര്യം.
ടോമിന്റെ ലോക്ക്ഡൗൺ ടൈം ടേബിൾ
എങ്ങും പോകേണ്ടെങ്കിലും പതിവുപോലെ അതിരാവിലെ എഴുന്നേൽക്കും. വീട്ടിനകത്തുള്ള വ്യായാമമാണ് ആദ്യം. ബാഡ്മിന്റണിലേക്ക് ചുവടുവെച്ച് തുടങ്ങിയ മകൾ റിയയും ഒപ്പം കൂടും. അവൾക്ക് ഫിറ്റ്നസിന്റെ ചില ബാലപാഠങ്ങൾ പകർന്നു നൽകാൻ തുടങ്ങിയിട്ടുണ്ട്.
കേരള കൗമുദിയുപ്പടെയുള്ള പത്രങ്ങൾ ഏറെ നേരമെടുത്ത് വായിക്കാൻ സമയം കിട്ടുന്നുണ്ട്. അടുക്കളയിൽ ഭാര്യ ജാനറ്റിനെ പാചകത്തിൽ സഹായിച്ചും മക്കളുടെ കുസൃതികളിൽ പങ്കാളിയായും സുഹൃത്തുക്കളുടെ വിശേഷങ്ങൾ ഫോണിലൂടെ അറിഞ്ഞും വൈകുന്നേരംവരെ പോകും.
വെയിലാറുമ്പോഴാണ് കൃഷിപാഠം തുടങ്ങുന്നത്. കളിക്കളത്തിലെ അദ്ധ്വാനത്തിന് പകരം മണ്ണിൽ കിളയ്ക്കുന്നത് ശരിയായ വ്യായാമത്തിന്റെ ഗുണം നൽകും. പയർ വിത്തുകൾ പാകാൻ കൂടെ മക്കളും ഭാര്യയുമുണ്ടാകും. സുഹൃത്തുകളിൽ നിന്നാണ് വിത്തുകളും തൈകളും ശേഖരിച്ചത്. ഇന്നലെ നട്ട മാവിൻതൈയിൽ നിന്ന് മാങ്ങാ പറിക്കാനായോ എന്ന ചോദ്യവുമായാണ് ഇളയമകൻ സ്റ്റുട്ടുവെന്ന സ്റ്റുവർട്ട് ഇപ്പോൾ ഉറക്കമെണീക്കുന്നത്.
" പന്ത്രണ്ടാം വയസിൽ നാട്ടിലെ കളിക്കളത്തിൽ പന്തുപെറുക്കിക്കൊടുക്കാൻ പോയതുമുതൽ ഇന്നോളം ഇത്രയും ദിവസം അടുപ്പിച്ച് വോളിബാളിൽ തൊടാതിരിക്കുന്നത് ആദ്യമാണ്.പക്ഷേ നാടിന്റെ രക്ഷയ്ക്ക് വേണ്ടി വീട്ടിലിരിക്കാൻ ഞാൻ തയ്യാറാണ്.ഇൗ മഹാമാരിയിൽ നിന്ന് ലോകം എത്രയും വേഗം രക്ഷപെടട്ടേ എന്നാണ് പ്രാർത്ഥന. വീട്ടിലിരിക്കുമ്പോൾ മടുപ്പുതോന്നുക സ്വാഭാവികമാണ്. പക്ഷേ നിങ്ങൾ മറന്നുവച്ച, സമയക്കുറവുമൂലം ഉപേക്ഷിച്ച നല്ല ശീലങ്ങളിലേക്ക് തിരിച്ചുവരാനുള്ള സുവർണാവസരമായി ഇതിനെ മാറ്റുക." - ടോം ജോസഫ്.