boris-

 ഇന്ത്യൻ വംശജനും സാദ്ധ്യതാ പട്ടികയിൽ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ, ആരോഗ്യ സെക്രട്ടറി മാറ്റ് ഹിൻകോക്കിനും കൊറോണ സ്ഥിരീകരിച്ചതോടെ ഭരണ നേതൃത്വം ആശങ്കയിലായി. ബോറിസിന് മാറി നിൽക്കേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ ചുമതല ആർക്കാവുമെന്ന ചോദ്യമാണുയരുന്നത്.

ബ്രിട്ടീഷ് സർക്കാരിന്റെ 'പ്ളാൻ ബി' പ്രകാരം വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിനായിരിക്കും ചുമതല കൈമാറാൻ കൂടുതൽ സാദ്ധ്യത. ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക്,​ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. ഇരുവരും ബ്രിട്ടീഷ് സർക്കാരിന്റെ ഉന്നത സമിതിയിലെ അംഗങ്ങളാണ്.

ഡൗണിംഗ് സ്ട്രീറ്റിലെ 11–ാം നമ്പർ അപ്പാർട്ട്മെന്റിൽ കഴിയുന്ന ബോറിസ് ജോൺസൻ വീഡിയോ കോൺഫറൻസിംഗ് വഴി ചുമതലകൾ വഹിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് മാറ്റുന്നതോടെ ബോറിസിന് ഭരണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് റിച്ച്മണ്ടിലെ എം.പിയായ ഋഷി സുനാക് സുപ്രധാന പദവിയിലെത്തിയത്. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനാണ്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിന് ശേഷം ഉന്നത പദവിയിൽ എത്തുന്ന ഇന്ത്യക്കാരനാണ് അദ്ദേഹം. നേരത്തെ ട്രഷറി ചീഫ് സെക്രട്ടറിയായിരുന്നു.

2016 മുതൽ 2017 വരെ ബ്രിട്ടന്റെ അന്താരാഷ്ട്ര വികസനകാര്യ സെക്രട്ടറിയായിരുന്ന പ്രീതി പട്ടേലിന്റെ മാതാപിതാക്കൾ ഗുജറാത്ത് സ്വദേശികളാണ്. കൺസർവേറ്റീവ് പാർട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ പ്രീതി ഡേവിഡ് കാമറൂൺ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു.

 എലിസബത്ത് രാജ്ഞിയും നിരീക്ഷണത്തിൽ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി സമ്പർക്കം പുലർത്തിയവരിൽ എലിസബത്ത് രാജ്ഞിയും ഉൾപ്പെടുന്നു. മാർച്ച് 11നാണ് രാജ്ഞി ജോൺസണെ കണ്ടത്. രാജ്ഞിയുടെ ആരോഗ്യനിലയിൽ പ്രശ്‍നങ്ങളില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. രാജ്ഞി നിരീക്ഷണത്തിലാണ്. സീനിയർ കാബിനറ്റ് മന്ത്രിമാരും കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയുമായി അടുത്തിടപഴകിയിരുന്നു. ഇവരെയും പരിശോധനകൾക്കു വിധേയരാക്കും.