ന്യൂഡൽഹി: കൊറോണ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്ന നഴ്‌സിനെ നേരിട്ട് ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ പൂനെയിലെ മുനിസിപ്പൽ കോർപറേഷന്റെ കീഴിലുള്ള ഒരു ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഛായാ ജഗ്‌താപ് എന്ന് പേരുള്ള ഒരു നഴ്‌സിനെ തേടിയാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും അഭിനന്ദനമെത്തിയത്. കൊറോണ രോഗം ബാധിച്ച രോഗികളെ അർപ്പണബോധത്തോടെ പരിചരിക്കുമ്പോൾ ഛായാ തന്റെ കുടുംബത്തിന്റെ ആശങ്കകൾ എങ്ങനെയാണ് അകറ്റുന്നതെന്നാണ് പ്രധാനമന്ത്രി മോദി ആദ്യം തിരക്കിയത്.
ഈ ചോദ്യത്തിന് മറുപടിയായി, തനിക്ക് തന്റെ കുടുംബത്തെ കുറിച്ച് ചിന്തയുണ്ടെങ്കിലും , തൊഴിലിനാണ് താൻ മുൻഗണന നൽകുന്നതെന്നും, ഈ അവസ്ഥയിൽ രോഗികളെ സേവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഛായ മറുപടി നൽകി. തുടർന്ന്, കൊറോണ രോഗികളായി ആശുപത്രിയിൽ എത്തിയവർക്ക് ഭയമുണ്ടോ എന്നും പ്രധാനമന്ത്രി നഴ്സിനോട് തിരക്കി. ഇവരോട് താനും ആശുപത്രി അധികൃതരും ഭയപ്പെടരുതെന്നു അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ആശ്വസിപ്പിക്കുന്നുണ്ടെന്നും ഛായ ഉത്തരം നൽകി.
ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവാകുമെന്നും താൻ രോഗികളൊട് പറഞ്ഞതായും നഴ്സ് പ്രധാനമന്ത്രിയോട് പറഞ്ഞു. രോഗികളുടെ മനോബലം കൂടാനുള്ള കാര്യങ്ങളാണ് തങ്ങൾ അവരോടു പറയുന്നതെന്നും ഛായ പറഞ്ഞു. കൊറോണ രോഗത്തിൽ നിന്നും മുക്തി നേടിയ ഏഴ് പേർ ആശുപത്രി വിട്ടിട്ടുണ്ടെന്നും ഛായ പ്രധാനമന്ത്രിയെ അറിയിച്ചു.
ശേഷം, രാജ്യത്താകമാനം കൊറോണ രോഗത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് എന്തെങ്കിലും സന്ദേശം നൽകാനുണ്ടോ എന്നാണ് പ്രധാനമന്ത്രി നഴ്സിനോട് ചോദിച്ചത്. 'ഭയപ്പെടേണ്ട ഒരാവശ്യവുമില്ല. ഈ രോഗത്തിനെതിരെ പോരാടി നമ്മൾ അതിനെ ഇല്ലാതാക്കണം. നമ്മുടെ രാജ്യം വിജയം നേടുന്നതിനുള്ള കാര്യങ്ങൾ നമ്മൾ ചെയ്യണം. ആശുപത്രികളും ആശുപത്രി ജീവനക്കാരും ഇത് മുദ്രാവാക്യമായി സ്വീകരിക്കണം. ഞാൻ എന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്യുന്നത്. പക്ഷെ അങ്ങ് രാപ്പകലില്ലാതെ ഞങ്ങൾക്കായി ജോലി ചെയ്യുന്നു. ഞാൻ അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്.' ഛായാ ജഗ്‌താപ് പ്രധാനമന്ത്രിക്ക് ഉത്തരം നൽകി.
'നിങ്ങളെ പോലെ ലക്ഷകണക്കിന് നഴ്‌സുമാരും പാരാമെഡിക്കൽ സ്റ്റാഫും, ഡോക്ടർമാരും താപസ്വികളെ പോലെ രാജ്യത്തെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. ഞാൻ നിങ്ങളെ എന്റെ അഭിനന്ദനം അറിയിക്കുകയാണ്. താങ്കളുടെ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്.' പ്രധാനമന്ത്രി നഴ്സ് ഛായാ ജഗ്‌താപിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞുനിർത്തി.