മുംബയ്: കൊറോണയെ പ്രതിരോധിക്കാൻ ടാറ്രാ ട്രസ്‌റ്റുകളും ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേർന്ന് 1500 കോടി രൂപ വിനിയോഗിക്കും. വൈദ്യരംഗത്തുള്ളവർക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനും ശ്വാസകോശ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കാനും കൂടുതൽ ടെസ്‌റ്രിംഗ് കിറ്റുകൾ വാങ്ങാനും പണം വിനിയോഗിക്കും. കൂടാതെ, മോഡുലാർ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പരിശീലനം നൽകാനും പണം വിനിയോഗിക്കുമെന്ന് ടാറ്റാ ട്രസ്‌റ്റ്‌സ് ചെയർമാൻ രത്തൻ ടാറ്റ പറഞ്ഞു.
കല്യാൺ ജുവലേഴ്‌സ് 10 കോടി
കൊച്ചി: കൊറോണയെ പ്രതിരോധിക്കാൻ സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾക്കായി കല്യാൺ ജുവലേഴ്‌സ് 10 കോടി രൂപ നൽകും. ഭക്ഷ്യവസ്‌തുക്കളും അവശ്യസാധനങ്ങളും എത്തിക്കുകയാണ് മുൻഗണനയെന്ന് കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
ലോക്ക്ഡൗൺ കാരണം കല്യാൺ ജുവലേഴ്‌സ് ഷോറൂമുകൾ അടഞ്ഞുകിടക്കുകയാണ്. 8,000ലേറെ വരുന്ന ജീവനക്കാർക്ക് ശമ്പളം പൂർണമായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
.