rishi-sunak

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും രാജകുമാരനും കൊറോണ രോഗബാധ സ്ഥിരീകരിച്ചു എന്ന വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ബ്രിട്ടീഷ് റാണിക്കും കൊറോണ രോഗം ബാധിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇതോടെ രാജ്യം പ്രതിസന്ധിയിൽ ആകുമെന്ന ആശങ്കകളും പലരും പങ്കുവച്ചുതുടങ്ങി. എന്നാൽ ഇതിനിടെ 'സ്റ്റാർ' ആയി മാറിയത് ബ്രിട്ടന്റെ 'മുഖ്യ' ധനമന്ത്രിയായ(ചീഫ് ഒഫ് എക്സ്ചെക്കർ) ഋഷി സുനാക് ആണ്. പ്രധാനമന്ത്രി രോഗചികിത്സയിലായിരിക്കുന്ന വേളയിൽ, ഇന്ത്യൻ വംശജനും, ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ നാരായണ മൂർത്തിയുടെ മകനുമായ ഋഷിയാണ് ഭരണപരമായ തീരുമാനങ്ങൾ കൈകൊള്ളുന്നതെന്നാണ് വിവരം.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൂടെ ഒരു ചടങ്ങിൽ പങ്കെടുത്തത് കാരണം അദ്ദേഹം നിലവിൽ ഐസൊലേഷനിൽ ആണെങ്കിലും രാജ്യത്തെ സംബന്ധിക്കുന്ന നിരവധി നിർണായക തീരുമാനങ്ങൾ അദ്ദേഹമാണ് എടുക്കുന്നതെന്ന് ബ്രിട്ടീഷ്/ലോക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഗ്രാന്റുകൾ നൽകാനുള്ള തീരുമാനമാണ് അതിൽ ഒന്ന്. ബ്രിട്ടന്റെ സാമ്പത്തിക നില തകിടംമറിയുന്നത് ഒഴിവാക്കാനായി നിരവധി പാക്കേജുകളും സാമ്പത്തിക നയങ്ങളും അദ്ദേഹം പ്രഖ്യാപിച്ചതും ബ്രിട്ടനിലെ ജനങ്ങൾക്കിടയിൽ മതിപ്പുളവാക്കിയിരുന്നു.

കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുന്നത് ഒഴിവാക്കാൻ അവരുടെ ശമ്പളം സർക്കാർ നൽകുമെന്ന് അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നു. 'നിങ്ങളെ കൈവിടില്ല' എന്നാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. ഋഷിയുടെ ഈ തീരുമാനങ്ങൾക്ക് ബ്രിട്ടീഷ് ചേംബർ ഒഫ് കൊമേഴ്സും അസോസിയേഷൻ ഒഫ് ഇൻഡിപെൻഡന്റ് പ്രൊഫഷണൽസ് ആൻഡ്‌ സെൽഫ് എംപ്ലോയ്ഡ് എന്ന സ്വയം തൊഴിൽ ചെയ്യുന്നവരുടെ സംഘടനയും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ, ഋഷിയുടെ പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയും ധനമന്ത്രിയുടെ ഈ തീരുമാനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് മുന്നോട്ട് വന്നിരുന്നു.