corona-death

കൊച്ചി: യാക്കൂബ് ഹുസൈന്റെ സംസ്കാരം ലാേകാരോഗ്യ സംഘടനയുടെ പ്രൊട്ടോക്കോൾ പ്രകാരമായിരുന്നു.

പത്തടി താഴ്ചയിൽ കുഴിയെടുത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹവുമായി വാഹനവ്യൂഹം മൂന്നുമണിയോടെ പുറപ്പെട്ടത്. മൂന്ന് ലെയറുള്ള കറുത്ത ബാഗിൽ പൊതിഞ്ഞാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് കൈമാറിയത്. ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരുടെ മേൽനോട്ടത്തിൽ,​ കൈയുറകളും മാസ്‌ക്കും ധരിച്ച സന്നദ്ധ പ്രവർത്തകർ മൃതദേഹം 108 ആംബുലൻസിൽ കയറ്റി. പൊലീസ് അകമ്പടിയിൽ ആംബുലൻസ് നീങ്ങി. പിന്നാലെ ഡോക്‌ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽസംഘം. വാഹനവ്യൂഹം പോയ വഴിയരികിലെ കടകളെല്ലാം പൊലീസ് അടപ്പിച്ചു. സംസ്‌കാര സ്ഥലത്തിന് സമീപമുള്ള വീടുകളിൽ നിന്ന് ആരെയും പുറത്തിറക്കിയില്ല. മൃതദേഹം കുഴിയിലേക്ക് എടുത്തുവയ്‌ക്കാനായി നാലു പേരെ പ്രവേശിപ്പിച്ചു. മൊത്തം പതിനഞ്ച് പേരാണ് സംസ്‌കാരത്തിൽ പങ്കെടുത്തത്. അഞ്ച് ബന്ധുകളും പുരോഹിതൻ ഉൾപ്പെടെ അഞ്ച് സന്നദ്ധ പ്രവർത്തകരും​ അഞ്ച് സർക്കാർ പ്രതിനിധികളും. പുരോഹിതൻ മൃതദേഹത്തെ സ്‌പർശിക്കാതെ മതാചാര ചടങ്ങുകൾ നടത്തി. ജനങ്ങൾ ഭയചകിതരാകാതിരിക്കാൻ വാഹനവ്യൂഹം പോകുന്നത് ലൈവായി കാണിക്കരുതെന്ന് മാദ്ധ്യമങ്ങൾക്ക് കൊറോണ കൺട്രോൾ റൂം നിർദ്ദേശം നൽകിയിരുന്നു. നൂറിലധികം പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങൾ.