മുംബയ്: കൊറോണ രോഗബാധയുടെ സാഹചര്യത്തിൽ സ്വന്തം ജീവൻ പോലും പണയം വച്ച് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തർക്ക് അർഹിക്കുന്ന അഭിനന്ദനവും ആദരവും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ട് അധിക ദിവസം ആയിട്ടില്ല. അതിനിടെയാണ് മഹാരാഷ്ട്രയിൽ കൊറോണ രോഗികളെ പരിചരിച്ച നഴ്‌സുമാർ നേരിടുന്ന കടുത്ത അനീതിയുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നത്.
കൊറോണ രോഗികളുമായി ഇടപഴകിയ മുംബയിലെ സെയ്‌ഫീ ആശുപത്രിയിലെ നഴ്‌സുമാരെ അധികൃതർ താമസിപ്പിച്ചിരിക്കുന്നത് പ്രവർത്തനം നിലച്ച ഹോസ്റ്റലിലാണ്. മൂന്ന് വർഷം പ്രവർത്തനം നിർത്തിയ ഹോസ്റ്റലിൽ ക്വാറന്റൈൻ ചെയ്തിരിക്കുന്ന നഴ്‌സുമാരിൽ മലയാളികളുമുണ്ട്. മാത്രമല്ല ഇവർക്ക് കിടക്ക പോലുള്ള അത്യാവശ്യ സൗകര്യങ്ങൾ പോലും നൽകാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. ആറ് മലയാളികൾ ഉൾപ്പെടെയുള്ള പത്ത് നഴ്സുമാരെയാണ് ഈ ഹോസ്റ്റലിൽ ക്വാറന്റൈൻ ചെയ്തിരിക്കുന്നത്.
ഇവരെ ആദ്യം ആശുപത്രിയിൽ തന്നെ ക്വാറന്റൈൻ ചെയ്തിരുന്നുവെങ്കിലും പിന്നീട് ഹോസ്റ്റലിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. മുൻപും മുംബയിലെ സെയ്‌ഫീ ആശുപത്രി വിവാദത്തിൽ പെട്ടിരുന്നു. രണ്ട് കൊറോണ രോഗികളുള്ള വീട്ടിൽ നിന്നും വരുന്ന ഈ ആശുപത്രിയിലെ ഒരു കാർഡിയാക് സർജനെ രണ്ട് ദിവസം മുൻപുവരെ സർജറികൾ നടത്താൻ ആശുപത്രി അനുവദിച്ചിരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കെയാണ് ആശുപത്രി ഇതിന് അനുവാദം നൽകിയത്.