കണ്ണൂർ: ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ചവരെ ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര യ്ക്കെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് സംഭവത്തിൽ അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ബാദ്ധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗമായ പി. മോഹനദാസ് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഏത്തമിട്ടവർ എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കൊറോണ രോഗബാധയുടെ ബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പോലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പൊലീസ് ശിക്ഷ നടപ്പാക്കുന്നതും ശിക്ഷ വിധിക്കുന്നതും പൊലീസ് ആക്ടിന്റെ ലംഘനമാണ്. വീട്ടിൽ സുരക്ഷിതരായിരിക്കണമെന്ന സർക്കാർ നിർദ്ദേശം കൃത്യമായി അനുസരിക്കണമെന്നും കമ്മീഷൻ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
കേരളത്തിൽ കാണാത്ത തരത്തിലുള്ള നടപടിയാണ് യതീഷ് ചന്ദ്രയുടേതെന്നും കേരളത്തിൽ പൊതുവെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന പൊലീസിന്റെ യശസ്സിനെയാണ് ഈ സംഭവം ബാധിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയനും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ സംഭവത്തിൽ യതീഷ് ചന്ദ്രയോടു വിശദീകരണം തേടുകയും ചെയ്തിരുന്നു.
കണ്ണൂർ ജില്ലയിലെ അഴീക്കലിലാണ് ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചവരെ യതീഷ് ചന്ദ്ര ഏത്തമിടുവിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് പൊലീസ് പരസ്യശിക്ഷ നടപ്പാക്കുന്ന സംഭവം ഉണ്ടാകുന്നത്. യതീഷ് ചന്ദ്രയുടെ 'ശിക്ഷാ നടപടി'യുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.