പത്തനംതിട്ട ∙ കേരളത്തിൽ രണ്ടാംഘട്ടത്തിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ പരിശോധനാഫലം നെഗറ്റീവ്. ഇവരുടെ രോഗം ഭേദമായതായി പത്തനംതിട്ട ജില്ലാകളക്ടർ പി.ബി.നൂഹ് അറിയിച്ചു. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് കളക്ടർ വെളിപ്പെടുത്തി.
കൊച്ചിയിൽ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരനും ശനിയാഴ്ച സുഖം പ്രാപിച്ചതായി നേരത്തേ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൊറോണ ബാധിച്ചു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും രോഗമുക്തരായെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്. ഇതോടെ നിലവിൽ 165 പേരാണ് കേരളത്തിൽ കൊറോണ ബാധിതരായുള്ളത്.
ആകെ 1,34,370 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,33,750പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6067 സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 5276 ഫലങ്ങൾ നെഗറ്റീവാണ്.
ശനിയാഴ്ച സംസ്ഥാനത്ത് ആറ് പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്നു കുറവുണ്ടായെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി