പലപ്പോഴും അത്ര പ്രധാനമല്ലെന്ന് കരുതുന്ന അടുക്കളയിലെയും വീട്ടുതൊടിയിലെയും കൂട്ടുകാർക്ക് രോഗങ്ങളെ ചെറുക്കാൻ വലിയ കഴിവുണ്ട്. അവയെക്കുറിച്ചുള്ള അറിവുകൾ ശേഖരിച്ചു വയ്ക്കുന്നത് ഏറെ ഗുണകരമാണ്. അവയേതെന്ന് നോക്കാം.
ഇഞ്ചിയിൽ ഉള്ളത്
ഇഞ്ചി ഇടിച്ചു പിഴിഞ്ഞ നീര് തുണിയിൽ അരിച്ച് ചൂടാക്കി ചെറുചൂടോടുകൂടി മൂന്നോ നാലോ തുള്ളിവീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദന പെട്ടെന്ന് മാറും. ഇഞ്ചിനീരും ചെറുനാരങ്ങാനീരും ഓരോ ടീസ്പൂൺ വീതം ചേർത്ത് മൂന്നോ നാലോ പ്രാവശ്യം കഴിച്ചാൽ അരുചി (വായയ്ക്ക് രുചിയില്ലായ്മ) മാറിക്കിട്ടും. ചുക്ക് പൊടിച്ച് പഞ്ചസാര ചേർത്ത് കഴിച്ചാൽ ഇക്കിൾ ശമിക്കും. ചുക്ക് പൊടിച്ച് സമം ശർക്കര ചേർത്ത് ഭക്ഷണത്തിനുമുമ്പ് സേവിച്ചാൽ നല്ല വിശപ്പും ദഹനവും കിട്ടും. ചുക്ക് കഷായം വച്ച് അതിൽ എള്ള് അരച്ച് കലക്കി ചെറുചൂടോടുകൂടി കവിൾ കൊണ്ടാൽ പല്ലുവേദന മാറും.
ഈന്തപ്പഴം ശരീരം പുഷ്ടിപ്പെടുത്തും
ടൈഫോയ്ഡ്, ക്ഷയരോഗം, ചിക്കൻപോക്സ്, പനി,ചുമ എന്നീ രോഗങ്ങൾ പിടിപെട്ടവരിൽ ധാതുക്ഷയം സംഭവിക്കുക സ്വാഭാവികമാണ്. ഈ അവസ്ഥയിൽ വില കൂടിയ ഏതു ടോണിക്കിനെക്കാളും ഉത്തമമാണ് ഈന്തപ്പഴം. ദിവസം അഞ്ചോ ആറോ ഈന്തപ്പഴം കഴിക്കുന്നവരിൽ ധാതുപുഷ്ടി ഉണ്ടാവുകയും ഓജസ് വർദ്ധിക്കുകയും ചെയ്യും.
അതുപോലെ ഹൃദ്രോഹം, പ്രമേഹം,ആസ്തമ എന്നിവ പിടിപെട്ടവർക്ക് ഈന്തപ്പഴം ഒരു പഥ്യാഹാരമാണ്. അത് ശ്വാസകോശത്തിലെ കഫം ഇളക്കി പുറത്തുകളയും. ശ്വാസകോശത്തെ നിർമലമാക്കുന്നതോടൊപ്പം ശ്വാസോച്ഛ്വാസം അനായാസമാക്കുകയും ചെയ്യും.
ഉലുവ തൈറോയ്ഡ് ഗ്രന്ഥിവീക്കം കുറയ്ക്കും
കഴുത്തിനു മുൻവശത്തായി സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി രക്തത്തിൽ നിന്ന് അയോഡിൻ എന്ന മൂലകം വലിച്ചെടുത്ത് തൈറോക്സിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിക്കു സംഭവിക്കുന്ന തകരാറുകൾ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥി വലുതായാൽ കഴുത്തിനു മുൻവശം മുഴയായി പ്രത്യക്ഷപ്പെടുന്നു. ഇതിനെ ഗോയിറ്റർ എന്ന് പറയുന്നു.
കൃഷ്ണതുളസി സർവരോഗ സംഹാരി
എല്ലാ വീടുകളിലും നട്ടുവളർത്തുന്ന ഒരു ഔഷധസസ്യമാണ് തുളസി. ആയുർവേദത്തിലെ അമൂല്യ ഔഷധങ്ങളിൽ ഒന്നായതുകൊണ്ടാണ് തുളസിക്ക് എല്ലാ വീടുകളിലും സ്ഥാനം ലഭിച്ചത്. തുളസിയില (പത്തെണ്ണം വീതം) പതിവായി കഴിച്ചാൽ പനി വരില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ തുളസി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അലർജിയുള്ള പ്രമേഹരോഗികൾ രാവിലെ വെറും വയറ്റിൽ പത്തോ പതിനഞ്ചോ തുളസിയില വീതം ചവച്ചുതിന്നാൽ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയുകയും പ്രമേഹരോഗത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും.
കോവയ്ക്ക പ്രമേഹരോഗിക്ക് നന്ന്
പ്രമേഹരോഗികൾക്കായി പ്രകൃതിയുടെ ഒരു വരദാനമാണ് കോവയ്ക്ക. ഇത് ആഹാരമായും ഔഷധമായും പ്രമേഹരോഗികൾക്ക് പ്രയോജനപ്പെടുത്താം. കോവയ്ക്ക മൂക്കാത്ത പ്രായത്തിൽ പച്ചയ്ക്കു തന്നെ തിന്നാം. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷപദാർത്ഥങ്ങളെ പുറന്തള്ളാൻ കോവയ്ക്ക വളരെ ഫലപ്രദമാണ്