മലപ്പുറം: കോഴിച്ചന ആർ.ആർ.ആർ.എഫ് മൈതാനത്ത് നിരോധനാജ്ഞ ലംഘിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഫുട്‌ബോൾ കളി. സംഭവം ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് അംഗത്തിന് പൊലീസ് മർദിച്ചതായി പരാതി. തെന്നല ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് സുഹൈലിനാണ് മർദനമേറ്റത്. ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരോധനാജ്ഞ നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ പൊലീസുകാർ കൂട്ടത്തോടെ ഫുട്‌ബോൾ കളിക്കുന്ന ദൃശ്യങ്ങളാണ് തെന്നല ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് സുഹൈൽ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടത്. വീഡിയോ എടുക്കുന്നതിനിടെ പിറകിൽ നിന്ന ഏതാനും പൊലീസുകാർ ഫോൺ തട്ടിപ്പറിച്ചു ശേഷം മുഹമ്മദിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം, കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് മാസ്ക് കൈമാറി മടങ്ങുകയായിരുന്ന സന്നദ്ധ പ്രവർത്തകനും പൊലീസ് മർദ്ദനമേറ്റു. കൊറോണ സെൽ വോളന്റിയർക്കാണ് മർദ്ദനമേറ്റത്. ഉദുമ ബേവൂരി സ്വദേശിയായ അമോഷ് കെ അഭിമന്യുവിനെയാണ് പൊലീസ് ഉപദ്രവിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിനടുത്തുള്ള റോഡില്‍ വച്ചായിരുന്നു സംഭവം നടന്നത്. കാസർകോട്ടെ ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊലീസുകാർക്കായുള്ള മാസ്‌കുകൾ ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് കൈമാറി തിരിച്ച് വരുന്നതിനെയായിരുന്നു മർദ്ദനം. അനുവാദമില്ലാതെ സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.