അടുത്തിടെ ഹൈദരാബാദിൽ നടന്ന ലിറ്റററി ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് തെയ്യം-കൂടിയാട്ടം കോൺവർസേഷണൽ ജുഗൽബന്ദിയായിരുന്നു. കൂട്ടിയാട്ടത്തെകുറിച്ച് പ്രമുഖ കൂടിയാട്ടം കലാകാരൻ മാർഗി മധു വാചാലനയായപ്പോൾ തെയ്യം എന്ന കാലാരൂപത്തെ അവതരിപ്പിക്കാനെത്തിയത് ഒരു തെയ്യം കലാകാരനോ മലയാളിയോ ആയിരുന്നില്ല. മലയാളം എഴുതുവാനോ വായിക്കാനോ അറിയാത്ത മറുനാട്ടുകാരിയായ ഇന്ദുചിന്തയെന്ന 31കാരിയായിരുന്നു. കോൺവർസേഷണനിൽ അടൂർ ഗോപാലകൃഷ്ണനടക്കമുള്ള പ്രമുഖരമായി സംവദിച്ച് സദസിന്റെ കൈയടി നേടിയതോടെ ഇന്ദുചിന്തയും തെയ്യത്തെകുറിച്ച് ഇവർ നടത്തുന്ന പഠനങ്ങളും ആസ്വാദകരെ ആകർഷിച്ചു.
അമേരിക്കയിലെ ഇലനോയ്ഡ് സർവകലാശാലയിൽ നിന്ന് പരിസ്ഥിതിശാസ്ത്രത്തിൽ മാസ്റ്റർ ഡിഗ്രി നേടിയ ഇന്ദുചിന്ത മദ്രാസ് ഐ. ഐ. ടിയിലും കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിലും ജോലിനോക്കി. പൗരാണികനഗരങ്ങളെകുറിച്ചും ക്ഷേത്രങ്ങളെ കുറിച്ചും വായിച്ചും കണ്ടുമറിയുന്നതിൽ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന ഇവർ ഇതിനായി ജോലി ഉപേക്ഷിച്ച് യാത്രകളിൽ മുഴുകി. 2018 ജനുവരിയിലാണ് കണ്ണൂരിലെത്തുന്നത്. കണ്ണൂരിലെ ക്ഷേത്രങ്ങൾ കാണുക, നാടിനെ അറിയുക എന്നതായിരുന്നു കണ്ണൂരിൽ വരുമ്പോൾ ഇന്ദുവിന്റെ മനസ് നിറയെ. യാദൃശ്ചികമായിട്ടാണ് തെയ്യത്തെ കുറിച്ചറിയുന്നത്. തീചാമുണ്ഡി എന്ന തെയ്യമാണ് ആദ്യം കണ്ടതെന്ന് ഇന്നും ഓർക്കുന്നു.
തെയ്യം കഴിഞ്ഞ് റിസോർട്ടിലെത്തിയെങ്കിലും പള്ളിവാളേന്തി ചെമ്പട്ടുടുത്ത് ചെണ്ടയുടെ അസുരതാളത്തിനൊത്ത് കാൽചിലമ്പുകളിളകിയാടിയ തെയ്യത്തിന്റെ രൗദ്രഭാവം മനസിൽ നിന്നും മാഞ്ഞില്ല. ഉറങ്ങാൻ കഴിയാത്ത അവസ്ഥ. അടുത്തദിവസം തന്നെ ആ തെയ്യക്കാരനെ തിരക്കിയിറങ്ങി. തീ ചാമുണ്ഡി തെയ്യത്തിന്റെ ഐതിഹ്യം,ചരിത്രം, കെട്ടിയാടാൻ തെയ്യകാരൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, നിലവിലെ അവരുടെ ജീവിതാവസ്ഥ എല്ലാം ചോദിച്ചറിഞ്ഞു. പിന്നീട് ഓരോ ദിവസവും ഓരോ സ്ഥലത്ത് ഓരോ തെയ്യങ്ങൾ. നാനൂറിലധികം തെയ്യങ്ങൾ ഉള്ളതിൽ നൂറിലധികം തെയ്യങ്ങൾ നേരിൽ തന്നെ കണ്ടു. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ഇന്ദു ഓരോ തെയ്യത്തിന്റെയും വിവിധഭാവങ്ങൾ കാമറയിൽ പകർത്തി സൂക്ഷിച്ചിട്ടുമുണ്ട്. തെയ്യത്തിന്റെ ചരിത്രം, ഐതിഹ്യം എല്ലാം ഉൾപ്പെടുത്തി, 'Theyyam Merging With The Divine" എന്ന പുസ്തകം രചിച്ചു. ഇംഗ്ലീഷിൽ രചിച്ച ഈ പുസ്തകം സ്വന്തം കണ്ടെത്തലുകൾ പ്രസാധക താൽപര്യത്താൽ ഹനിക്കപെടാതിരിക്കാൻ സ്വന്തമായി തന്നെ പ്രസിദ്ധീകരിച്ചു. 21 തെയ്യങ്ങളെയാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
തെയ്യം കലാകാരൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, അവരനുഷ്ഠിക്കുന്ന വ്രതാനുഷ്ഠാനങ്ങൾ, തെയ്യക്കാലത്തിനുശേഷമുള്ള തെയ്യക്കാരന്റെ ജീവിതങ്ങൾ എന്നിവ വരച്ചുകാട്ടുന്ന രണ്ടാമത്തെ പുസ്തകത്തിന്റെ രചനയിലാണിപ്പോൾ ഇന്ദു. നാഷണൽ ജ്യോഗ്രഫിക് ചാനലുമായി ചേർന്നും ഹൈദരബാദിൽ തെയ്യം ഫോട്ടോഗ്രാഫി എക്സിബിഷൻ നടത്തി. ഇപ്പോൾ ഇന്റർനാഷണൽ ഫെസ്റ്റിവലുകളിലും ഇന്ദുവിന്റെ തെയ്യത്തെ കുറിച്ചുള്ള ഫോട്ടോപ്രദർശനവും, വീഡിയോപ്രദർശനവും നടന്നു വരുന്നു.
''കൂടിയാട്ടം, കഥകളി, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങൾക്ക് ഇന്ന് പ്രേക്ഷകശ്രദ്ധ പൊതുഇടങ്ങളിൽ കുറയുമ്പോൾ തെയ്യത്തിന് വലിയ പ്രേക്ഷകപിന്തുണയാണ് കിട്ടുന്നത്. പക്ഷേ ഒരു പ്രത്യേക പരിധിക്കുള്ളിൽ അവിടുള്ളവരാൽ മാത്രം കെട്ടിയാടപെടുന്ന ഒരു കലാരൂപമെന്ന പരിമിതി അപ്പോഴുമുണ്ട്. കാണുന്നവർക്ക് ഇത് ഉന്നതമായ ഒരു കലയാണങ്കിൽ വടക്കൻമണ്ണിനിത് ദൈവവുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ്. തെയ്യം മുന്നിലെത്തുന്നവരുടെ തലയിൽ കൈ വെച്ചനുഗ്രഹിച്ച് ഗുണംവരണമേയെന്ന് പ്രാർത്ഥിക്കുമ്പോൾ വിശ്വാസികൾക്കത് ഒരു വർഷത്തേക്കുള്ള നല്ല നാളുകൾക്കായുള്ള കാത്തിരിപ്പാണ്.
ഉത്സവപ്പറമ്പുകളിൽ രണ്ടുമണിക്കൂർ ദൈർഘ്യം വരുന്ന ഗാനമേളക്ക് ഒരുക്കികൊടുക്കുന്ന സൗകര്യങ്ങൾ ഒരു തെയ്യത്തിന് ലഭിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ പരിമിതമാണ്. ജാതിമേധാവിത്വത്തിനെതിരെയുള്ള കലാപമായി ഉത്തരകേരളത്തിന്റെ മണ്ണിൽ തെയ്യങ്ങൾ നിറഞ്ഞാടിയിട്ടുണ്ട്. ഇന്ന് ജാതിയുടെ ശ്രേണിയിൽ തന്നെ ഈ കലാരൂപത്തെ തളച്ചിടുന്നതിനോട് ചെറിയ വിയോജിപ്പ്. ഒരു കലാരൂപം എന്ന നിലയിൽ കലാകാരൻമാർ ആദരിക്കപ്പെടണം. മറ്റു കലകൾക്ക് നൽകുന്ന അംഗീകാരം തെയ്യം കലാകാരന് കിട്ടുന്നില്ലെന്നത് ഈ കലയും കലാരൂപവും നേരിടുന്ന വിവേചനമാണ്. ഇത് സർക്കാർ ശ്രദ്ധിക്കണം"" ഇന്ദു പറയുന്നു.
ഉത്തരകേരളത്തിന്റെ സ്വന്തം കലാരൂപം അതിന്റെ തനിമ ചോരാതെ അവതരിപ്പിക്കുന്നത് കൂടുതൽ ജനശ്രദ്ധയാകർഷിപ്പിക്കാനും പ്രചാരണം നൽകാനും കാമറയും തൂക്കി ഇന്ദുചിന്ത തെയ്യങ്ങളുടെ ഇടയിൽ തന്നെയുണ്ട്. ഒരു ഡോക്യുമെന്ററി തയാറാക്കുന്നതിന്റെ പണിപ്പുരയിൽ കൂടിയാണിപ്പോൾ. റിട്ട. ബാങ്ക് ഓഫീസർ രാംകിരൺ ചിന്തയുടെയും ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം സീനിയർ പ്രൊഫ. പേമകുമാരി ദെരാംമിന്റെയും മകളായ ഇന്ദു ഇന്ന് കേരളത്തിന്റെ മരുമകളായത് യാദൃശ്ചികമെന്നേ പറയാൻ കഴിയൂ. 2018 ഡിസംബറിൽ ഡൽഹിയിൽ ജനിച്ചു വളർന്ന മലയാളിയായ കേരളാ ആംഡ് പൊലീസ് തേർഡ് ബറ്റാലിയൻ (അടൂർ) കമാന്റന്റുമായ അരവിന്ദ് സുകുമാരൻ ഐ.പി.എസ് ആണ് ഭർത്താവ്. ഇപ്പോൾ അടൂരിൽ താമസിക്കുന്നു. ഇന്ദുവിന്റെ ഫോട്ടോകൾ നോക്കി അത് ഛായാചിത്രമാക്കി അച്ഛനും കുടുംബവും പൂർണപിന്തുണയുമായി കൂടെയുണ്ട്.
(ലേഖകന്റെ നമ്പർ: 9495251000)