ഇംഗ്ലണ്ടിൽ നിന്ന് തിരുവിതാംകൂറിൽ വന്ന് സാമൂഹിക വിദ്യാഭ്യാസ നവോത്ഥാനത്തിന് വിത്ത് പാകിയ മിഷണറിയാണ് റവ.ജോൺ കോക്സ്. തിരുവിതാംകൂറിൽ മിഷണറി പ്രവർത്തനത്തിന് കൂടുതൽ പേരെ നിയോഗിക്കണമെന്ന എൽ.എം.എസ് (ലണ്ടൻ മിഷണറി സൊസൈറ്റി) മിഷണറി റവ.ചാൾസ് മീഡിന്റെ ആവശ്യപ്രകാരമാണ് 1838 മാർച്ച് 31 ന് റവ. ജോൺ കോക്സും ഭാര്യയും കൊല്ലത്തെത്തിയത്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു കോക്സിന്റെ നിയോഗം. ഇംഗ്ലണ്ടിലെ പെയിൻസ്വിക്കിൽ ജോണിന്റെയും എലിസബത്ത് കോക്സിന്റെയും രണ്ടാമത്തെ മകനായി 1811 മാർച്ച് 31 ജോൺ കോക്സ് ജനിച്ചു. സാറ ഡൗണിംഗ് കഫ് ആണ് ഭാര്യ.
കോക്സും മീഡും തിരുവനന്തപുരത്തെത്തി റസിഡന്റ് കേണൽ എസ്. ഫ്രേസറുമായി മിഷൻ കേന്ദ്രം ആരംഭിക്കുന്നതിന് ദിവാന്റെ അനുമതി ലഭിക്കുന്ന വിഷയം സംസാരിച്ചു. മിഷണറിമാരുടെ ആവശ്യം അറിഞ്ഞ ദിവാന് രാജാവ് താമസിക്കുന്നതും ക്ഷേത്രം സ്ഥിതി ചെയ്യുന്നതുമായ കിഴക്കേകോട്ട, രാജാവ് സ്ഥിരമായി യാത്ര ചെയ്യുന്ന റോഡ്, ക്ഷേത്ര സാമീപ്യമില്ലാത്ത സ്ഥലം എന്നിവ ഒഴികെയുള്ളവ അനുവദിക്കുന്നതിന് എതിർപ്പില്ലായിരുന്നു. കോക്സും മീഡും വിവിധ പ്രദേശങ്ങൾ സഞ്ചരിച്ച് മിഷൻ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ശ്രമിച്ചു. ഇതിനിടയിൽ കോക്സ് കൊല്ലത്ത് പോയി ഭാര്യയുമായി മടങ്ങിയെത്തി തിരുവനന്തപുരം ഫ്രീ സ്കൂൾ ഹെഡ്മാസ്റ്ററായ ജോൺ റോബർട്ട്സിന്റെ പേട്ടയിലെ വസതിയിൽ താമസം ആരംഭിച്ചു.
ചാത്താൻകുന്നും മിഷൻകേന്ദ്രവും
തിരുവനന്തപുരത്തെ കണ്ണമ്മൂലക്കുന്നിൽ മിഷൻ കേന്ദ്രം ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലമായി കണ്ടെത്തി. ചാത്തൻമാർ വേട്ടയാടുന്ന സ്ഥലമായി തദ്ദേശീയർ കുന്നിനെ കരുതിയതിനാൽ ഈ പ്രദേശത്ത് പോകാൻ ഭയപ്പെട്ടിരുന്നു. എന്നാൽ ചാപ്പൽ, മിഷൻ ബംഗ്ലാവ്, ബോർഡിംഗ് സ്കൂൾ എന്നിവ നിർമ്മിക്കാൻ യോഗ്യമായ സ്ഥലമായി കോക്സ് കണ്ണമ്മൂലക്കുന്നിനെ കണ്ടു. മിഷണറിമാരുടെ താത്പര്യം ഫ്രേസർ ദിവാനെ അറിയിച്ചു. ദിവാൻ അറിയിച്ചതനുസരിച്ച് മിഷൻ കേന്ദ്രം ആരംഭിക്കാൻ രാജാവ് കണ്ണമ്മൂലക്കുന്ന് സൗജന്യമായി മിഷണറിമാർക്ക് നൽകി. തിരുവനന്തപുരത്ത് മിഷൻ കേന്ദ്രം എന്ന മിഷണറിമാരുടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതലുള്ള സ്വപ്നമാണ് സാക്ഷാത്കരിച്ചത്.
കണ്ണമൂലയിൽ സ്ഥലം ലഭിച്ചതോടെ മിഷൻ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ചുമതല കോക്സ് ഏറ്റെടുത്തു. അവിടെ പോയി വരാനുള്ള സൗകര്യത്തിനായി പേട്ടയിലെ വാടക വീട്ടിലേക്ക് കോക്സ് താമസം മാറ്റി. തദ്ദേശീയരായ പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസികൾക്കായി തിരുവനന്തപുരത്തെ ആദ്യ ആരാധന മേയ് 13 ന് തമിഴിൽ ഇവിടെ നടത്തി. തിരുവനന്തപുരത്തെ പ്രൊട്ടസ്റ്റന്റ് സഭയെ സംബന്ധിച്ച് സുപ്രധാന നാഴികക്കല്ലാണ് ഈ ആരാധന. കണ്ണമ്മൂലയിൽ കാടുപിടിച്ച് കിടന്ന കുന്ന് വെട്ടിത്തെളിക്കാൻ കോക്സ് മുൻകയ്യെടുത്തപ്പോൾ തൊഴിലാളികളും സഹായിക്കാനെത്തി. 1839-ൽ ഇവിടെ ബംഗ്ലാവ് സ്ഥാപിച്ച കോക്സ് ബ്രിട്ടീഷുകാരുടെ അഭ്യർത്ഥനപ്രകാരം ഇംഗ്ലീഷ് ആരാധന ആരംഭിച്ചു. 1840 ഫെബ്രുവരി 10 ന് ബോർഡിംഗ് സ്കൂൾ ഇവിടെ സ്ഥാപിച്ചു. നഗരത്തിലെ ആദ്യ റെസിഡൻഷ്യൽ സ്കൂൾ ഇതാണ്. 1843 ജനുവരി 22 ന് നഗരത്തിലെ രണ്ടാമത്തെ പള്ളി ഹൈഫീൽഡ് ചാപ്പലും സ്ഥാപിച്ചു.
കന്റോൺമെന്റിൽ
ആദ്യ പള്ളി
റവ.ജോൺ കോക്സ് മിഷണറി പ്രവർത്തനങ്ങൾക്ക് എത്തുമ്പോൾ അന്നത്തെ തിരുവനന്തപുരം നഗരപ്രദേശത്ത് പള്ളി ഉണ്ടായിരുന്നില്ല. ഫ്രേസർ മുൻകൈയെടുത്ത് ഇവിടത്തെ ബ്രിട്ടീഷുകാർക്ക് വേണ്ടി കന്റോൺമെന്റിൽ ചാപ്പൽ (പള്ളി) നിർമ്മിക്കുന്നതിന് ശ്രമം തുടങ്ങിയിരുന്നു. ഫ്രേസറുടെ ആവശ്യപ്രകാരം കോക്സ് ഇന്ന് കേരള സർവകലാശാല ലൈബ്രറി സ്ഥിതി ചെയ്യുന്നതിന്റെ സമീപത്ത് ചാപ്പൽ നിർമ്മാണം ആരംഭിച്ചു. ഇതിനിടയിൽ ഫ്രേസറെ ഹൈദരാബാദിലേക്ക് റസിഡന്റായി സ്ഥലം മാറ്റി. ചാപ്പൽ നിർമ്മാണം പൂർത്തിയായില്ലെങ്കിലും ഫ്രേസർ പോകുന്നതിന് മുമ്പ് ബ്രിട്ടീഷുകാർക്കായി 1838 ആഗസ്റ്റ് 5 ന് ആരാധന നടത്തി. തിരുവനന്തപുരത്തെ ആദ്യ പ്രൊട്ടസ്റ്റന്റ് പള്ളിയും നഗരത്തിലെ ആദ്യ പള്ളിയും ഇതാണ്. 1842 ൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളുടെ ഉപയോഗത്തിനായി 'പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കൽ ട്രസ്റ്റ് ചർച്ച്" എന്ന പേരിൽ പള്ളി നിയമപ്രകാരം രജിസ്റ്റർ ചെയ്തു. പേട്ടയിൽ നടത്തിവന്ന തമിഴ് ആരാധനയും ഇവിടേക്ക് മാറ്റി. തുടർന്ന് മലയാളം ആരാധന ആരംഭിച്ചു. കന്റോൺമെന്റ് ചാപ്പലാണ് ഇന്ന് കാണുന്ന പാളയം എം.എം ചർച്ചായി മാറിയത്.
സാമൂഹിക ഇടപെടലുകളും
നവോത്ഥാനവും
തിരുവനന്തപുരം മിഷന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പള്ളികൾ രൂപീകരിക്കുന്നതിനും മിഷൻ സ്കൂളുകൾ സ്ഥാപിക്കുന്നതിനും കോക്സ് നേതൃത്വം നൽകി. മിഷൻ പ്രവർത്തനം വ്യാപകമായതോടെ പ്രതിസന്ധികൾ വർധിച്ചു. അസാധാരണമായ ഊർജസ്വലതയും വിശിഷ്ടമായ ശരീരഘടനയുമുണ്ടായിരുന്ന കോക്സ് പ്രതിസന്ധികളിൽ തളർന്ന് പോകാതെ അവയെ പ്രചോദനങ്ങളും അവസരങ്ങളുമായി മാറ്റി. കോക്സിന്റെ സാഹസികമായ ജീവിതശൈലി, ഇച്ഛാശക്തി, സ്ഥിരോത്സാഹം എന്നിവ പ്രവർത്തനങ്ങൾക്ക് ചടുലതയേകി. മിഷൻ സ്കൂളുകളിലൂടെ പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് വിദ്യാഭ്യാസം ലഭിച്ചതോടെ സാമൂഹിക അവസ്ഥയ്ക്ക് മാറ്റം വന്നു. 1842 ആയപ്പോൾ ആൺകുട്ടികൾക്ക് 14 സ്കൂളുകളും പെൺകുട്ടികൾക്ക് മൂന്നു സ്കൂളുകളും ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ നവോത്ഥാനത്തിന് വിത്ത് പാകിയത് കോക്സായിരുന്നു. തിരുവിതാംകൂറിലെ അധഃസ്ഥിതരുടെ മൗലികാവകാശങ്ങൾ നേടിയെടുക്കുന്നതിന് കോക്സ് ത്യാഗനിർഭരമായി പ്രവർത്തിച്ചു.
അപ്രതീക്ഷിതമായ വഴിത്തിരിവ്
കോക്സിന്റെ ഭാര്യ സാറയുടെ പ്രവർത്തനങ്ങൾ പ്രധാനമായും പെൺകുട്ടികളുടെ ഉന്നമനത്തിനായിരുന്നു. അസുഖത്തെത്തുടർന്ന് 1859 നവംബർ 15 ന് അവർ മരിച്ചു. തിരുവനന്തപുരം - കൊല്ലം കേന്ദ്രീകരിച്ച് മിഷണറി പ്രവർത്തനങ്ങളിൽ കോക്സ് തുടർന്നും വ്യാപൃതനായി. 1858-59 ൽ നടന്ന ചാന്നാർ ലഹളയിലും കോക്സിന്റെ സ്വാധീനമുണ്ടായിരുന്നു. മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീലങ്കയിൽ പോയ കോക്സിന് കുതിര സവാരിക്കിടെ വീണ് കാലിന് ഒടിവ് സംഭവിച്ചു. മടങ്ങിയെത്തിയ കോക്സിനെ ശുശ്രൂഷിച്ച ഈഴവ സമുദായത്തിൽപ്പെട്ട സ്ത്രീയെ 1861-ൽ വിവാഹം കഴിച്ചത് മിഷണറിമാരിൽ അതൃപ്തി ഉളവാക്കി. പിന്നോക്കക്കാരോടുള്ള മിഷണറിമാരുടെ എതിർപ്പാണ് ഇതിൽ പ്രതിഫലിച്ചത്. മിഷണറിമാരുടെ തിരുവിതാംകൂർ ഡിസ്ട്രിക്ട് കമ്മിറ്റി കോക്സിന്റെ രാജി ആവശ്യപ്പെട്ടു.
എൽ.എം.എസിൽ നിന്ന് രാജിവച്ചശേഷവും മിഷണറിമാരുമായി സഹകരിച്ച് പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ ഇക്കാലയളവിൽ സാൽവേഷൻ ആർമിയുടെ പ്രവർത്തനങ്ങളിൽ കോക്സ് ആകൃഷ്ടനായി. തെക്കൻ തിരുവിതാംകൂറിൽ സാൽവേഷൻ ആർമിയുടെ പ്രവർത്തനം ആരംഭിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. പിന്നോക്ക ദളിത് വിഭാഗത്തിന്റെ ഉന്നമനമാണ് സാൽവേഷൻ ആർമിയിലൂടെ ലക്ഷ്യമിട്ടത്. കന്യാകുമാരിയിലെ അസംബു കുന്നുകളിൽ എസ്റ്റേറ്റുകൾ വാങ്ങി ഒരു കാപ്പി പ്ലാന്ററായി പ്രവർത്തിച്ചു. ദീർഘകാലത്തെ അസുഖത്തെ തുടർന്ന് 1895 മാർച്ച് 24 ന് നെയ്യൂർ മിഷൻ ആശുപത്രിയിൽ വച്ചാണ് നിര്യാതനയായത്. നെയ്യൂർ എൽ.എം.എസ്. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സെമിത്തേരിയിൽ കോക്സ് അന്ത്യവിശ്രമം കൊള്ളുന്നു. തിരുവനന്തപുരത്ത് ആദ്യ പ്രൊട്ടസ്റ്റന്റ് പള്ളി, നഗരത്തിൽ ആദ്യ പള്ളി, റെസിഡൻഷ്യൽ സ്കൂൾ എന്നിവ സ്ഥാപിക്കാനും പ്രൊട്ടസ്റ്റന്റ് സഭയുടെ ആരംഭത്തിനും വളർച്ചയ്ക്കും വേണ്ടി കോക്സ് വഹിച്ച പങ്ക് നിസ്തുലമാണ്.
(ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ
അസിസ്റ്റന്റ് എഡിറ്ററാണ് ലേഖകൻ.
ഫോൺ: 9446700467)