ദേവാലയത്തിന് മുന്നിൽ അപ്രതീക്ഷിതമായി കാണപ്പെട്ട ആ വെളുത്ത നായയെ കണ്ട് ജനാർദ്ദനൻ ആദ്യം അമ്പരന്നു. ഇതിനുമുമ്പ് അവിടെങ്ങും കണ്ടിട്ടില്ല. പ്രായത്തിന്റെ അവശത ഉണ്ടെങ്കിലും ഏതോ സമ്പന്നന്റെ വീട്ടിൽ കഴിഞ്ഞ പ്രതാപത്തിന്റെ അവശേഷിപ്പുകൾ ആ മുഖത്തുണ്ട്. തലേന്ന് ദീപാരാധന കഴിഞ്ഞു നട അടയ്ക്കുന്നതിന് മുമ്പ് ഏതോ ആഡംബര വാഹനത്തിൽ വന്നവർ അവിടെ ഉപേക്ഷിച്ചുപോയതാണെന്ന് ദേവാലയത്തിലെ ഒരു ജീവനക്കാരൻ പറഞ്ഞു.
പെറ്റമ്മയെപോലും വഴിയിൽ ഉപേക്ഷിക്കുന്ന കാലത്ത് വളർത്തുനായയെ ഉപേക്ഷിക്കുന്നത് അത്രവലിയ അപരാധമാണോ എന്നാണ് അയാളുടെ സംശയം. നാടും നാട്ടാരും അപരിചതമായതുകൊണ്ടാകാം പട്ടി ആരോടും ഇണങ്ങുന്നില്ല. സമീപത്തുള്ള ഒന്നുരണ്ട് വീടുകളിൽ വിശന്നുവലഞ്ഞ് ചെന്നെങ്കിലും ആരും ഭക്ഷണം കൊടുത്തില്ല. ഭക്ഷണം കൊടുത്താൽ പിന്നെ വീടുവിട്ടുപോകില്ല എന്ന ഭയം തന്നെ മുഖ്യകാരണം.
നല്ല ഒന്നാന്തരം ഭക്ഷണം കഴിച്ചുകിടന്ന പട്ടിയാണ്. അതുപോലത്തെ ഭക്ഷണം കൊടുത്തില്ലെങ്കിൽ കഴിക്കില്ലെന്ന മുൻവിധിയും തടസമായി. ദേവാലയത്തിലെ സഹായിയായ ഒരു വൃദ്ധ അല്പം നിവേദ്യച്ചോറ് കൊണ്ടുവന്ന് വച്ചുകൊടുത്തെങ്കിലും പട്ടി തിരിഞ്ഞു നോക്കിയില്ല. ദേവാലയവളപ്പിന് പുറത്തിറങ്ങിയാൽ സ്ഥലത്തെ നാടുവാഴികളായ പട്ടികൾ ആക്രമിക്കും. അത് ഭയന്ന് കൂടുതൽ സമയവും അത് അവിടെതന്നെ കഴിച്ചുകൂട്ടി. ഒരു ശല്യവുമില്ല, ബഹളവുമില്ല. മിണ്ടാതെ ഒരിടത്ത് തലചായ്ച്ച് കിടക്കും. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ പട്ടി ഭക്തജനങ്ങൾക്ക് അതൃപ്തി തോന്നാത്തരീതിയിൽ ഇണങ്ങി. പട്ടിപ്രേമം കയറി വലിയ വിലകൊടുത്തു മുന്തിയ ഇനത്തെവാങ്ങി വളർത്തിയവർക്ക് വാർദ്ധക്യമെത്തിയ പട്ടിയെ വേണ്ടാതെയായി. ആരോഗ്യം ക്ഷയിക്കുമ്പോൾ എന്തിന്റെയും അവസ്ഥ അതാണല്ലോ.
തെങ്ങും റബ്ബറുമാണെങ്കിൽ മുറിച്ചു മാറ്റും. പുതിയനല്ല ഇനം പട്ടിയെ കിട്ടുമ്പോൾ പഴയതിനെ ഉപേക്ഷിക്കാനുമിടയുണ്ട്. പക്ഷേ തങ്ങൾ കുറേക്കാലം പാലൂട്ടി വളർത്തിയ പട്ടിയെ അപരിചിതമായ സ്ഥലത്ത് ഉപേക്ഷിച്ചു കഴിഞ്ഞാൽ അതിന്റെ പിന്നീടുള്ള അവസ്ഥയെക്കുറിച്ച് ചിന്തിക്കാത്തതാണ് കഷ്ടം. ദേവാലയത്തിൽ വന്ന പലരും ഇങ്ങനെ പല അഭിപ്രായങ്ങൾ പറഞ്ഞു.
ഒരാഴ്ചയോളം പട്ടി ഒന്നും കഴിക്കാതെ ഒരൊഴിഞ്ഞ കോണിൽ ചുരുണ്ടുകൂടി കിടന്നു. പിന്നെ ദയനീയമായി ദേവാലയത്തിൽ പോകുന്നവരെ നോക്കി. അതുകണ്ടുവന്ന സഹായിയായ സ്ത്രീ വീണ്ടും നിവേദ്യച്ചോറ് കൊണ്ടുവന്നു വച്ചുകൊടുത്തു. വളരെ ദിവസങ്ങൾക്കുശേഷം ആർത്തിയോടെ ഇഷ്ടഭോജ്യം പോലെ അത് കഴിക്കുന്നത് നോക്കി ആ സ്ത്രീ നിന്നു. അപ്പോൾ ദേവാലയത്തിൽ മണി മുഴങ്ങി. നന്ദി സൂചകമായി അതു നിർത്താതെ വാലാട്ടുന്നുണ്ടായിരുന്നു.
(ഫോൺ : 9946108220)