വളരെ കുറച്ചുകാലം മാത്രം ജീവിക്കുകയും കുറച്ചുമാത്രം സാഹിതീസപര്യ നടത്തുകയും ചെയ്തിട്ടുള്ളവരിൽ പലരും കല്പാന്തകാലത്തോളം പോന്ന യശസു നേടിയെടുത്തിട്ടുണ്ട്. അവരുടെ കൃതികൾ വീണ്ടും വീണ്ടും പഠനത്തിനും ഗവേഷണത്തിനും വിധേയമാകുന്നു. സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടും വിസ്മൃതിയിലേക്കാണ്ടുപോകുന്ന സാഹിത്യനിപുണരും ധാരാളമുണ്ട്. ആ കൂട്ടത്തിലുള്ള സാഹിതീ വല്ലഭനായ ആനന്ദക്കുട്ടൻ സാറിന്റെ ജന്മശതാബ്ദിയാണ് കടന്നുപോയത്.
കോട്ടയം തിരുനക്കരയിൽ 1920 മാർച്ച് മാസത്തിലാണ് അദ്ദേഹം ജനിച്ചത്. കോട്ടയത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. ഹൈസ്കൂളിലും പിന്നീട് കോളേജിലും അദ്ധ്യാപകനായി. തുടർന്ന് റിസർച്ച് അസിസ്റ്റന്റായും വിവിധ കോളേജുകളിൽ വകുപ്പദ്ധ്യക്ഷനായും സെക്രട്ടേറിയറ്റിൽ ഒൗദ്യോഗിക ഭാഷാവകുപ്പിൽ വിദഗ്ദ്ധനായും സേവനമനുഷ്ഠിച്ചു. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ ഡയറക്ടർ ബോർഡിൽ പലതവണ അംഗത്വം വഹിച്ചു.
1940 കളുടെ ഒടുവിൽ കാവ്യലോകത്ത് പുതിയൊരു വീക്ഷണം മുന്നിട്ടുനിന്നു. അതായത് കവിക്ക് സാമൂഹ്യപ്രതിബദ്ധത ഉണ്ടാകണം. ഇൗചിന്താസരണിക്ക് തുടക്കംകുറിച്ചത് ചങ്ങമ്പുഴയായിരുന്നു. ഒാരോ കവിതയും അല്ലെങ്കിൽ സാഹിത്യരചനയും വായിച്ചശേഷം ഇൗ രചന കൊണ്ട് സമൂഹത്തിന് എന്തുനേട്ടം എന്ന് ചിന്തിക്കുന്നതാണല്ലോ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള തെളിവ്. കാലിക പ്രാധാന്യമുള്ള ഇൗ നിലപാടിൽ നിന്നുമാറി സഞ്ചരിക്കാൻ യുവാവായിരുന്ന ആനന്ദക്കുട്ടന് സാദ്ധ്യമായിരുന്നില്ല. ഇന്ന് സമൂഹത്തിലും സാഹിത്യത്തിലും വിഭാഗീകരണം നിലനിൽക്കുന്നുണ്ടെന്ന് ചിലരെങ്കിലും അവകാശപ്പെടുന്നു. ദളിത് സാഹിത്യം, പെണ്ണെഴുത്ത്, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പരിദേവനങ്ങൾ എന്നൊക്കെ അവയെ നമുക്ക് വിശേഷിപ്പിക്കുകയും ചെയ്യാം. പുനർവിചിന്തനം നടത്തിയാൽ നമ്മുടെ മുന്നിൽ ചില ചോദ്യങ്ങൾ നിവർന്നുവരും.
ദളിത് സാഹിത്യം പലപ്പോഴും ക്രൂരൻമാരായ മേലാളൻമാരുടെ മുഖംമൂടി ഉരിയലാണ്. അവ വായിച്ചുകഴിഞ്ഞാൽ ഇൗ കാലത്തിലും കീഴാളർക്ക് മേലാളരോടുള്ള വൈരവും പകയും വർദ്ധിക്കുകതന്നെ ചെയ്യും. എന്നാലും കീഴാളർക്കും മേലാളർക്കും സമത്വം സ്വപ്നം കാണുന്ന ഒരു സഹൃദയന് അന്യായങ്ങളോടും അനീതികളോടും പ്രതികരിക്കാതിരിക്കാനാവില്ല എന്ന പച്ച യാഥാർത്ഥ്യമാണ് ആനന്ദക്കുട്ടൻ സാറിന്റെ കൃതികളിൽ തെളിഞ്ഞുനിൽക്കുന്നത്
ചുരുക്കിപറഞ്ഞാൽ കീഴാളരുടെ ദീനതകൾ പുറംലോകത്തെ കൊട്ടി അറിയിക്കാൻ ജന്മമെടുത്ത ഒരു സാഹിത്യകാരൻ തന്നെയാണ് അദ്ദേഹം. അങ്ങനെ നന്നേ ചെറുപ്പത്തിൽ തന്നെ ആനന്ദക്കുട്ടൻ ഒരു കവിയായി പുലയ മഹാകവി അതായത് പുലയർക്കുവേണ്ടി പാടുന്ന കവി. പുലയരുടെ ദീനതകൾ നിരാശങ്ങൾ, സ്വപ്നങ്ങൾ, ഇല്ലായ്മകൾ, വല്ലായ്മകൾ... എല്ലാം അവർക്ക് മനസിലാകുന്ന ശൈലിയിൽ. പൊയ്കാലുകളും പൊയ്മുഖങ്ങളുമില്ലാതെ.
ഏറ്റവും മികച്ച സംഭാവന 'ചീത" തന്നെയാണ്. കോന്നിയൂർ മീനാക്ഷിയമ്മയുടെ വാക്കുകൾ കടമെടുത്താൽ മഹാകവികളുടെ കൃതികൾക്കുപോലും സാദ്ധ്യമാകാത്ത ഒരു പ്രചാരം അച്ചടിക്കുമുൻപുതന്നെ ലഭിച്ച ഒരു കൃതിയാണിത്. ഒരു നാടകീയാഖ്യാതരൂപം. രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളെ രണ്ട് വ്യത്യസ്ത സംസ്കാരങ്ങളെ വ്യത്യസ്തങ്ങളായ രണ്ട് അനുഭവ മണ്ഡലങ്ങളെ ഒരേ തലത്തിൽ അടുത്തടുത്ത് ചേർത്തുവച്ച് അവരുടെ സാജാത്വവൈജാത്യത്തിൽക്കൂടി സമന്വയ സംഘർഷങ്ങൾക്കിടയിൽകൂടി കാവ്യാനുഭൂതിയിലൂടെ മുന്നോട്ടു നയിക്കുന്ന അസാധാരണ പാടവം അന്യാദൃശമാണ്. ആസ്വാദകർക്ക് സുഗ്രാഹ്യവും.
ഇനി 'വിശപ്പിന്റെ മാറ്റൊലി" എന്ന കവിതയിലേക്ക് വരാം.രണ്ടാം ലോകമഹായുദ്ധകാലത്തെ ഭക്ഷണക്ഷാമം...മേലാളർക്കുവേണ്ടി രാപ്പകൽ പണിയെടുത്തു പട്ടിണി കോലമായ പുലയർ. അരി കിട്ടാനില്ല. ആഹാരമില്ലാതെ ആളുകൾ തളർന്നു വീഴുന്നു. അവരുടെ ക്ഷേമമന്വേഷിച്ച് കുടിലുകളിലേക്ക് തിരിഞ്ഞുനോക്കാൻ ആളില്ല. ഉടയോർക്ക്...'ചേതം"വരാതെ ഉയിരും ഉടലും നൽകുന്ന കൂട്ടർ. എന്തായാലും പുതിയ വ്യവസ്ഥിതികളോടു പ്രതികരിച്ചു കൊണ്ട് പുലയരിലെ യുവതലമുറ വീറോടും വാശിയോടും അക്രമാസക്തരായി മുന്നോട്ടുവരുന്നു. 'കുടിലിൽ" എന്ന കവിത നോക്കാം. ഇതിലും അധ്വാനിക്കുന്ന ഈ വിഭാഗത്തിന് തൊഴിലിനോടുള്ള കൂറാണ് ശ്രദ്ധേയം.
'കൃതഘ്നത" എന്ന കവിതയിൽ യജമാനന്മാരായ ജന്മിമാരുടെ കൃഷിക്കാവലിനായി അവരുടെ ഭൂമിയിൽ അന്തിയുറങ്ങാനുള്ള കൂരവയ്ക്കാൻ അനുവാദം കിട്ടിയ ഒരു പുലയ കുടുംബത്തിന്റെ പതനത്തിന്റെ ദയനീയ ദൃശ്യം കാണാം. കുഞ്ചന്റെ കിളി എന്ന കവിതയിലും ഒരു പുലയബാലന്റെ നിസ്സഹായതയുടെ ദയനീയ ദൃശ്യം കാണാം. സ്വന്തം മാതാവിന്റെ ശവസംസ്കാരത്തിന് നിവൃത്തിയില്ലാതെ വലിയ വലിയ നാണയങ്ങൾ വില പേശിക്കൊണ്ട് ആവശ്യക്കാർ എത്തിയിട്ടും വിൽക്കാൻ തയ്യാറാകാത്ത ഒരു കുഞ്ഞു തത്തക്കിളിയെ രണ്ടുരൂപ കാശിന് വിൽക്കാൻ തയ്യാറെടുക്കുന്ന കാഴ്ച ഒരു ദീന ദൃശ്യം തന്നെയാണ്.
പുലയരുടെ ദൈന്യതകളെക്കുറിച്ച് ആനന്ദക്കുട്ടൻ സാറിന് എഴുതിയാലും പാടിയാലും മതിവരില്ല തന്നെ. മറ്റൊരു കവിതയായ നാഴിമണ്ണിലും ഹൃദയനാദത്തിലും ഈ കാഴ്ചകൾ കാണാം. ജാതിക്കോമരങ്ങളുടെ അരുളപ്പാടിൽ നരകിയ്ക്കുന്ന കീഴാളരുടെ ചിത്രം മേലാളനായ ഒരു കവി പല്ലും നഖവും ഉപയോഗിച്ച് തൂലിക തുമ്പിലൂടെ എതിർക്കുന്ന ചിത്രമാണ് ഓരോ കവിതയിലും കാണുന്നത്. ഒരു കവി അല്ലെങ്കിൽ സാഹിത്യകാരൻ എന്ന വിശേഷണത്തിലുപരി അദ്ദേഹം അർഹിക്കുന്നത് ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്നുതന്നെയാകണം.
അദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധത നിഴലിക്കുന്ന കവിതകളെ കുറിച്ചാണ് ഇതുവരെ വിശദമാക്കിയതെങ്കിലും നിരൂപണ പഠനങ്ങൾ വിവർത്തനങ്ങൾ, കഥാസമാഹാരം, ഹാസ്യരചനകൾ തുടങ്ങി ബാലസാഹിത്യം ഉൾപ്പെടെ നാല്പതില്പരം രചനകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ആത്മകഥാ കുറിപ്പെഴുതാനും അദ്ദേഹം വിട്ടുപോയില്ല. വിശ്വാസിയുടെ ആത്മകഥ, എന്റെ കൗമാരസ്വപ്നങ്ങൾ, എന്റെ അദ്ധ്യാപക ജീവിതം ആദ്യഘട്ടം എന്നിവ ശ്രദ്ധേയങ്ങളാണ്.
ഈ മൂന്ന് അദ്ധ്യായങ്ങളിലും നൊമ്പരമുണ്ടാക്കുന്ന ജീവിതാനുഭവങ്ങളുടെ കുപ്പിചില്ലുകൾ നമ്മളിൽ പോറലേല്പിക്കുമെങ്കിലും നർമ്മമുണർത്തും വിധം ലാഘവത്തോടെ ചിത്രീകരിയ്ക്കുന്നതിനാൽ പോറലുകളിൽ നിന്നും രക്തം ചിന്തുകില്ലെന്നുറപ്പിക്കാം. ആരാധനയുടെ ആമുഖത്തിൽ എം.പി. പോൾ പറഞ്ഞ അതേ വാക്കുകൾ കടമെടുക്കട്ടെ.
''കുഞ്ചനും ചീതയും നമ്മുടെ സഹോദരങ്ങളാണെന്നുള്ളപച്ചപരമാർത്ഥം ഇത്ര ഉള്ളിൽ തട്ടുന്ന ഭാഷയിൽ ആരും ഇതിനുമുൻപ് നമ്മെ ധരിപ്പിച്ചിട്ടില്ല. ചേതോഹരവും ഫലസമൃദ്ധവുമായ ഈ കേരളക്കരയെ സൃഷ്ടിച്ചത് പരശുരാമനോ ജന്മിമാരോ അല്ലെന്നും അനേകം പുലയതലമുറകളുടെ വിയർപ്പുതുള്ളികളാണിതിന് പിന്നിലെന്നും അവരുടെ പ്രയത്നഫലങ്ങളാണ് നാം അനുഭവിക്കുന്നതെന്നും ആനന്ദക്കുട്ടന്റെ കൃതികൾ നമ്മെ അനുസ്മരിപ്പിക്കുന്നു.""
പരമാർത്ഥമായ അവരുടെ കഷ്ടപ്പാടിനുള്ള തീരാകടപ്പാടിന്റെ ഏറ്റുപറച്ചിലാണ് ആനന്ദക്കുട്ടന്റെ കവിത. അദ്ദേഹത്തിന്റെ കവിതകൾക്ക് സ്തുതികളും വിശേഷണങ്ങളും ഏറെ ലഭിച്ചിട്ടുണ്ടെങ്കിലും പുതു തലമുറ അദ്ദേഹത്തെ അനുസ്മരിക്കുന്നതും ആദരിക്കുന്നതും കുറഞ്ഞുപോയെന്ന വിഷമത്തോടെ ഈ ലഘുലേഖ ഇവിടെ തീർത്തുവയ്ക്കുന്നു.