ഒട്ടേറെ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ജ്യോതിഷമായി കൂട്ടിക്കലർത്തി വാസ്തുവിന്റെ യഥാർഥ പൊരുൾ മറയ്ക്കപ്പെട്ടതോ ആയ വലിയൊരു ശാസ്ത്ര സത്യമാണ് വാസ്തു. കണക്കൻമാർ പാരമ്പര്യമായി പറഞ്ഞ കാര്യങ്ങൾ പിന്മുറക്കാർ സൗകര്യം പോലെ വ്യാഖ്യാനിച്ചപ്പോൾ വാസ്തുവിൽ പല പല ന്യായവാദങ്ങളുണ്ടായി. ഇത് തെറ്റിദ്ധാരണയ്ക്കും വാസ്തുവിലെ സത്യം പുറത്ത് വരുന്നതിനെ ഇല്ലാതാക്കുകയും ചെയ്തു.എന്താണോ തെളിയിക്കാൻ കഴിയുന്നത് അതാണല്ലോ ശാസ്ത്രം ഈ കോളത്തിലൂടെ ലക്ഷ്യമിടുന്നതും അതു തന്നെ.
വാസ്തു ശാസ്ത്രം വലിയൊരു സത്യമാണ്. അത് അനുഭവവും ജീവിതവുമായി അഭേദ്യമായി പരിണമിക്കുന്നത് കാണാം. വാസ്തുവിൽ ഓരോന്നിനും വലിയ ഫലങ്ങൾ തന്നെയുണ്ട്. അത് അനുഭവിച്ചറിയാവുന്നത് തന്നെയാണ്. യഥാർഥ വാസ്തു ജനങ്ങൾ മനസിലാക്കി തന്നെ വേണം ജീവിക്കാൻ.ജീവിതത്തിലുണ്ടാകുന്ന 90 ശതമാനം കാര്യങ്ങളും നാംജീവിക്കുന്ന ഭൂമിയെയും വീടിനെയും ചുറ്റിപ്പറ്റിയാണെന്നുള്ളത് സുവ്യക്തമായി തെളിയിക്കാവുന്നതുമാണ്.
ഭൂമിയുടെയും ജീവന്റെയും നിലനിൽപ്പുതന്നെ ഊർജത്തിലാണ്. വൈവിദ്ധ്യമായ ഊർജ കേന്ദ്രങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങൾ മനുഷ്യജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ഈശ്വരനാുഗ്രഹം പോലും വാസ്തു ചേരാത്ത വീട്ടിലുണ്ടാവില്ല എന്ന് ആചാര്യന്മാർ തെളിയിച്ചിട്ടുമുണ്ട്.എത്ര ഈശ്വരനെ വിളിച്ചാലും രക്ഷകിട്ടുന്നില്ലയെന്ന് വിശ്വാസികൾ പറയാറുണ്ട്. ആ രക്ഷ വാസ്തുവിലുണ്ട്. ശാസ്ത്രം അത് കൃത്യമായി പറഞ്ഞു തരും. അതുപ്രകാരം ജീവിച്ചാൽ അത്ഭുതങ്ങൾ തന്നെ മുന്നിൽ അനാവൃതമായ ആയിരക്കണക്കിന് ആളുകളുണ്ട്. ഈ കോളം തുടർച്ചയായി വായിക്കുന്ന ഒരാളിന് അയാളുടെ വീട്ടിലെ വാസ്തു പോരായ്മകൾ പെട്ടെന്ന് ബോധ്യപ്പെടും വിധമാണ് പംക്തി തയ്യാറാക്കുന്നത്.
മനുഷ്യാവയവങ്ങൾ എങ്ങനെയാണോ സജ്ജമാക്കിയിട്ടുളളത് അതു തന്നെയാണ് വാസ്തുവിന്റെയും പൊരുൾ. അതായത് ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ട്. മൂക്കിരിക്കുന്ന ഭാഗത്ത് ചെവി വന്നാൽ എന്ത് ചെയ്യും. ചെവി, കാൽ ചുവട്ടിലായാൽ കേൾക്കാനാവില്ലല്ലോ.ഉദരം നെറ്റിയിൽ ആണെന്ന് ചിന്തിക്കാനാവുമോ പറ്റില്ല. അങ്ങനെ ഓരോന്നും...
അപ്പോൾ വീടിനും വസ്തുവിനും അതിന്റേതായ സ്ഥാനം കൽപിക്കേണ്ടതുണ്ട്.അത് ശരിയായി വിന്യസിക്കപ്പെട്ടാലെ കാര്യങ്ങൾ നേരാംവണ്ണമാവുള്ളു. ചുറ്റളവിൽ വ്യതിയാനങ്ങൾ പറഞ്ഞ് ജനത്തെ പേടിപ്പിക്കാറുണ്ട്. അതിൽ പൂർണമായി സത്യമില്ലെന്ന് വൃക്തമായി നൂറു കണക്കിന് അനുഭവങ്ങളുണ്ട്. കാരണം പ്രകൃതിയാണ് മനുഷ്യനുമുന്നിലുള്ള അനുഭവ ലോകം. മനുഷ്യൻ പല രൂപങ്ങളിലുണ്ട്. വണ്ണത്തിലും രൂപത്തിലും മാറ്റംമുണ്ട്. കുറിയവരും നീളമുള്ളവരുമുണ്ട്. പക്ഷേ രക്തമൊഴുകുന്നതും ഊർജ വ്യതിയാനങ്ങളും ഓരേ തരത്തിലാണ്. മനുഷ്യനും പ്രപഞ്ചത്തിലെ ഒരു ജീവി മാത്രമാണ്.അതുപോലെ എത്രയെത്ര ജീവികളുണ്ട്. ആനമുതൽ ആടുവരെ. കോഴിമുതൽ മാടുവരെ. മാൻ മുതൽ മുയൽ വരെ.ഓരോന്നിന്റെയും ആകാരം വ്യത്യാസമെങ്കിലും ഊർജ സവിധങ്ങൾ ഒരേ പോലെയാണ്. അപ്പോൾ നിർമ്മാണത്തിലെ ചുറ്റളവിൽ കോപിപ്പിക്കപ്പെടുന്ന ഊർജ മേഖലകൾ കുറവാണെന്ന് കാണാം.
അത് ഓരോന്നും വിലയിരുത്തപ്പെടേണ്ടത്. ഒരാൾ ജീവിക്കുന്ന ഭുമിയുടെ രൂപം, കിണർ, കുഴികൾ, അതിന്റെ ചരിവ്, റോഡുകൾ, ദിശകൾ. വീട്ടിലേയ്ക്കുളള വഴി, വീടിന്റെ ദർശനം , ജനാലകൾ, മുറികൾ, അടുക്കള, പൂജാമുറി, ചുറ്റുമതിൽ , ശൗചാലങ്ങളുടെയും സെപ്റ്റിക് ടാങ്കിന്റെയും സ്ഥാനം ഇവയെല്ലാം വാസ്തുവിനെ ബാധിക്കും. മനുഷ്യാവയവങ്ങൾ പോലെ വീടിനും വസ്തുവിനും റോഡിനും അതിന്റേതായ സ്ഥാനമുണ്ട്. അത് തെറ്റിപ്പോകുമ്പോൾ ദുരിതങ്ങളോ ദുരന്തങ്ങളോ തുടർച്ചയായി വന്നുഭവിക്കും. ഓരോന്നിന്റെയും സ്ഥാനവും സ്ഥാനം തെറ്റിയാലുളള ഫലവും ഈ പംക്തി പറഞ്ഞുതരും. ഓരോ കാര്യങ്ങളെയും പറ്റി വിശദമായി അടുത്ത ലക്കംമുതൽ വായിക്കാം.
പുതിയ പംക്തി തുടങ്ങുന്നു 'വാസ്തുശാസ്ത്ര രഹസ്യങ്ങൾ". യഥാർഥ വാസ്തു അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഈ രംഗത്ത് ഗവേഷണം നടത്തുകയും ആയിരക്കണക്കിന് വാസ്തു പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത പ്രമുഖ പത്രപ്രവർത്തകനും കേരളകൗമുദിയുടെ കൊല്ലത്തെ സ്പെഷ്യൽ കറസ്പോണ്ടന്റും ബ്യുറോ ചീഫുമായ വി.ബി. ഉണ്ണിത്താൻ എഴുതുന്ന പംക്തി ഇന്നുമുതൽ എല്ലാ ഞായറാഴ്ചയും വായിക്കാം.
ഫോൺ: 9447249669, vbunnithan@gmail.com