ഞാൻ അഭിനയിച്ച സിനിമകൾ വിജയിച്ചാലും പരാജയപ്പെട്ടാലും ഒരു നടൻ എന്ന നിലയിൽ എനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. കാരണം ഓരോ സിനിമയും ഓരോ പാഠങ്ങളാണ്. ബോക്സോഫീസിന്റെ കണക്കിലാണ് എപ്പോഴും വിജയവും പരാജയവും തട്ടിച്ചു നോക്കുന്നത്. അഭിനയിച്ച ഓരോ സിനിമയുടെയും സംവിധായകർ, തിരക്കഥാകൃത്തുക്കൾ, അഭിനേതാക്കൾ തുടങ്ങി എല്ലാവരും എനിക്ക് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്. അവരോടൊക്കെ അന്നും ഇന്നും എന്നും എനിക്ക് സ്നേഹവും ബഹുമാനവും മാത്രമേയുള്ളൂ."" പറയുന്നത് മലയാള സിനിമയിൽ വിജയക്കൊടി പാറിച്ച് മുന്നേറുന്ന നടൻ അജുവർഗീസാണ്. കഴിഞ്ഞ ഒമ്പത് വർഷമായി മലയാള സിനിമയുടെ ഭാഗമായി നിറഞ്ഞു നിൽപ്പുണ്ട് ഇദ്ദേഹം. നടനായും നിർമ്മാതാവായും സഹസംവിധാകനായുമൊക്കെയായി ആ യാത്ര തുടരുകയാണ്. സ്വപ്നം കാണാത്തതൊക്കെയും സിനിമ സമ്മാനിച്ചുവെന്ന് പറയുമ്പോഴും അജു ഇന്നും പഴയ അജു തന്നെയാണ്.
കാത്തിരിപ്പ് ഇപ്പോഴുമുണ്ട്
എന്നെ വിളിച്ച എല്ലാ സംവിധായകരുടെയും സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സീനിന്റെ വലിപ്പം നോക്കി ഇതുവരെയും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. എന്നെ ആവശ്യമുള്ളവർ തീർച്ചയായും വിളിക്കും. ഞാൻ അഭിനയിച്ച സിനിമകൾ വിജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പ്പും അറിഞ്ഞിട്ടുള്ളവയാണ്.
അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തുകയാണെങ്കിൽ ഒരു സാധാരണ അഭിനേതാവ് എന്ന് മാത്രമേ പറയാൻ കഴിയൂ. അഭിനയത്തിൽ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്. ഞാൻ ഇഷ്ടപ്പെടുന്ന ഒരുപാട് സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ചിത്രത്തിൽ ഇനിയും അഭിനയിച്ചിട്ടില്ല. മികച്ച വേഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പറയാം.
വേഷങ്ങൾ വ്യത്യസ്തമാകണം
കോമഡി കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത് ഒരു കുറവായി കണ്ടിട്ടില്ല. ഒരു നടന് അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് കോമഡി വേഷങ്ങളാണ്. അതിലൂടെയാണ് ഞാൻ പ്രേക്ഷക പ്രീതി നേടിയത്. വർഷത്തിൽ കുറച്ച് കോമഡി വേഷങ്ങളും കുറച്ച് സീരിയസ് വേഷങ്ങളും എന്ന ഒരു പ്രത്യേക പ്ലാനിൽ ഞാൻ പോയിട്ടില്ല. എന്നാൽ എന്റെ ഉള്ളിലെ പ്രതിഭയുടെ മേച്ചിൽപ്പുറങ്ങൾ തേടുന്ന വൈവിദ്ധ്യമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. സത്യസന്ധമായി പറഞ്ഞാൽ നായകനാവാൻ മോഹിച്ചിട്ടില്ല. ഞാൻ ചെയ്യുന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. കമലയിൽ നായകൻ എന്ന് പറയുന്നതിനെക്കാളും കമലയിലെ കേന്ദ്ര കഥാപാത്രമെന്ന് പറയുന്നതാണ് ശരി.
സ്വപ്നം കാണാത്ത വളർച്ച
ഒരിക്കലും സിനിമ സ്വപ്നം കണ്ടിരുന്നില്ല. യാദൃച്ഛികമായിട്ടാണ് സിനിമയിലേക്ക് വന്നത്. ഇപ്പോൾ സിനിമാ നിർമ്മാതാവ് എന്ന നിലയിൽ വരെ എത്തിനിൽക്കുന്നു. എല്ലാം എങ്ങനെയൊക്കെയോ അങ്ങ് സംഭവിക്കുന്നുയെന്ന് പറയാനേ കഴിയൂ. ഇനിയും എന്തൊക്കെയോ സംഭവിക്കാൻ ഇരിക്കുന്നു.എല്ലാം നന്നായി പോകുന്നതിൽ സന്തോഷം. ഭാവിയിൽ എന്തൊക്കെ സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. സഹസംവിധായകൻ ശ്രമകരമായ ജോലിയാണെന്ന് അറിയുന്നത് ജേക്കബിന്റെ സ്വർഗരാജ്യത്തിൽ പ്രവർത്തിച്ചതിന് ശേഷമാണ്. ശരീരംകൊണ്ടും മനസുകൊണ്ടും അത്രയേറെ പണിയെടുക്കേണ്ട ഒരു ജോലിയാണ് സംവിധാനം. വളരെയധികം കഠിനാദ്ധ്വാനവും ആത്മാർപ്പണവും ഉണ്ടെങ്കിലേ ഒരു മികച്ച സംവിധായകനായി നിലനിൽക്കാൻ കഴിയൂ.
കാഴ്ചയുടെ രീതികൾ മാറട്ടെ
ആഗോളതലത്തിൽ തന്നെ നെറ്റ് ഫ്ളിക്സും ആമസോണും മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇപ്പോൾ ഒരുപാട് സിനിമകൾ ഇത്തരം പ്ലാറ്റ് ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. ഇത് സിനിമാ വ്യവസായത്തിനും നിർമ്മാതാക്കൾക്കും ഒരുപാട് ഗുണം ചെയ്യും. പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന് ഇത്തരം പ്ലാറ്റ്ഫോമുകൾ സഹായകരമാവും. ബിഗ് സ്ക്രീൻ ഫോർമാറ്റിൽ നിന്ന് പ്രേക്ഷകന്റെ ശ്രദ്ധ മാറുന്നു എന്നതും ചെറിയൊരു ന്യൂനതയായി പറയാം. എങ്കിലും സിനിമ എന്ന മാദ്ധ്യമം കൂടുതൽ ജനകീയമാകുന്നത് സ്വാഗതാർഹമാണ്. എന്നാൽ തിയേറ്ററിൽ കാണേണ്ട സിനിമ എതൊക്കെയാണെന്ന് അറിയാവുന്ന പ്രേക്ഷകരും ഇവിടെയുണ്ട് . എന്തെല്ലാം പ്രതിസന്ധി വന്നാലും പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുന്ന നടീ നടന്മാരും ടെക്നീഷ്യന്മാരും നമുക്കുണ്ട്. സിനിമയുടെ പ്രാധാന്യം അനുസരിച്ചു പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കാനുള്ള കഴിവ് നമ്മുടെ പ്രേക്ഷകർക്ക് ഉണ്ടെന്നാണ് വിശ്വാസം
നിർമ്മാണം ഇനിയുമുണ്ടായേക്കാം
ഭാവിയിൽ സിനിമകൾ നിർമ്മിക്കുമോ എന്നൊന്നും ഇതു വരെ തിരുമാനിച്ചിട്ടില്ല. ഫൺ ടാസ്റ്റിക് സിനിമ എന്ന ബാനറിലാണ് ഞങ്ങൾ 'ലൗ ആക് ഷൻ ഡ്രാമ" നിർമ്മിച്ചത്. നല്ല എന്റർടെയ്നിംഗ് ആയിട്ടുള്ള സബ്ജക്ട് കിട്ടിയാൽ ഭാവിയിലും സിനിമകൾ നിർമ്മിക്കും. സിനിമാ നിർമ്മാണം അല്പം ഭാരിച്ച ഉത്തരവാദിത്തമാണ്. പക്ഷേ ആ ഉത്തരവാദിത്തം ഞാൻ ആസ്വദിച്ചു.
റിയലിസ്റ്റിക് അഭിനയമല്ല എന്റേത്
അതിൽ ഞാൻ ഉൾപ്പെടുമെന്ന് തോന്നുന്നില്ല. ഞാൻ അല്പം അതിഭാവുകത്വം കലർത്തി ഓവർ ആക്ട് ചെയ്യുന്നൊരു നടനാണ്. ഒന്ന് നല്ലതും മറ്റൊന്ന് മോശവുമാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ എനിക്ക് റിയലിസ്റ്റിക് രീതിയിൽ അഭിനയിക്കാൻ അറിയില്ല.
സിനിമകളെ പ്രോത്സാഹിപ്പിക്കും
എന്നിലെ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന സിനിമാ സംബന്ധമായ എന്തും സോഷ്യൽ മീഡിയയിലൂടെ പ്രമോട്ട് ചെയ്യാറുണ്ട്. സിനിമാക്കാരനാവുന്നതിനു മുൻപ് ഞാനൊരു സാധാരണ പ്രേക്ഷകനായിരുന്നല്ലോ. ഒരു സിനിമാ നടൻ ആയതുകൊണ്ട് തന്നെ ഞാൻ പ്രൊമോട്ട് ചെയ്യുന്ന കാര്യങ്ങളെല്ലാം പ്രേക്ഷകരിലേക്ക് കൂടുതലായി എത്തുന്നു.
സിനിമയല്ലല്ലോ ജീവിതം
ജീവിതത്തെ വളരെ റിലാക്സായിട്ടാണ് കാണുന്നത്. ഏറ്റവും അടുത്ത സുഹൃത്തുകൾക്കിടയിൽ മാത്രമേ ഞാൻ തമാശ പറഞ്ഞു സംസാരിക്കാറുള്ളൂ. മറ്റ് സുഹൃത്തുക്കളോട് അത്യാവശ്യം ഗൗരവത്തിൽ തന്നെയാണ് ഇടപെടാറുള്ളത്. എന്നാൽ ഓവർ ഗൗരവം കാണിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവിതത്തിൽ എല്ലാ കാര്യങ്ങളെയും നമുക്ക് തമാശയായി കാണാൻ കഴിയില്ല. ഓരോ മുഹൂർത്തത്തെയും അത് അർഹിക്കുന്ന ഗൗരവത്തിൽ തന്നെ കൈകാര്യം ചെയ്യണം.
ഇതൊന്നും എന്നെ ബോറടിപ്പിക്കാറില്ല
ഒരിക്കലും ബോറടിപ്പിക്കാറില്ല. ഒരു സെറ്റിൽ നിന്ന് അടുത്ത സെറ്റിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന ഒരു തരം കൗതുകമുണ്ട്. എല്ലാ സെറ്റിലും മുൻപരിചയമുള്ള ഏതെങ്കിലും ചേട്ടന്മാർ ആയിരിക്കും നമ്മുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്. യാത്രകളിൽ ഇഷ്ടമുള്ള പാട്ടുകൾ കേൾക്കാറാണ് പതിവ്. പാട്ടും കേട്ട് കാഴ്ചകളും കണ്ടുള്ള പകൽ യാത്ര ശരിക്കും ആസ്വാദിക്കാറുണ്ട്.