ന്യൂയോർക്ക്: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. ഇതിൽ പതിനായിരത്തിൽ കൂടുതൽ മരണവും സംഭവിച്ചത് ഇറ്റലിയിലാണ്.ഇന്നലെ മാത്രം രാജ്യത്ത് 889 പേരാണ് മരിച്ചത്. മൃതദേഹങ്ങൾ കുന്നുകൂടിയതോടെ രാജ്യമാകെ നിശബ്ദമായി.അതേസമയം, ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ആറരലക്ഷത്തോളമായി.
അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ഇതിൽ അമ്പതിനായിരത്തോളം രോഗികൾ ന്യൂയോർക്കിൽ നിന്നാണ്. ന്യൂ ഓർലിയൻസ്, ചിക്കാഗോ, ഡെട്രോയിറ്റ് എന്നിവിടങ്ങളിലേക്ക് രോഗം പടരുകയാണ്. ഇന്നലെ മാത്രം 515 പേരാണ് അമേരിക്കയിൽ മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ രണ്ടായിരം കടന്നു. പല ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററില്ല. പല സംസ്ഥാനങ്ങളും ട്രംപുമായി ഏറ്റുമുട്ടലിലാണ്. ജനറൽ മോട്ടോഴ്‌സിനോട് വെന്റിലേറ്റർ നിർമ്മിക്കാൻ ട്രംപ് ഉത്തരവിട്ടു.
സ്‌പെയിൻ മരണസംഖ്യയിൽ ചൈനയെ മറികടന്നു. സ്‌പെയിനിൽ കൊറോണ ബാധിച്ച് അയ്യായിരത്തിലധികം ആളുകൾ മരിച്ചു. 70,000ത്തിലധികം രോഗികളുമുണ്ട്. അതേസമയം, ഫ്രാൻസിൽ 319 പേരാണ് ഇന്നലെ മരിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ബ്രിട്ടണിലും സ്ഥിതി കൂടുതൽ വഷളാകുകയാണ്. ബ്രിട്ടണിൽ ശനിയാഴ്ച 260 പേർ മരണത്തിന് കീഴടങ്ങി.