ലോകത്ത് കൊറോണ വ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടും വൈറസിനെ തുരത്താനുള്ള വാക്‌സിൻ ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടുമില്ല. ഇത്തരത്തിലൊരു പൊട്ടിത്തെറിയുണ്ടാകുമെന്ന് ആരെങ്കിലും പ്രവചിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?
2019 ആഗസ്റ്റ് 22 ന് ജ്യോതിഷിയാണെന്ന് അവകാശപ്പെടുന്ന ഒരു കുട്ടി യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിഗ്യ എന്നാണ് കുട്ടിയുടെ പേര്. നിലവിലുള്ള ആഗോള പ്രതിസന്ധിയെക്കുറിച്ചും ഇത് ബാധിക്കുന്ന രാജ്യങ്ങളെയും വ്യവസായങ്ങളെയുമൊക്കെക്കുറിച്ചുമൊക്കെയാണ് പ്രവചനം.
അമ്പരപ്പിക്കുന്ന ചില കാര്യങ്ങളാണ് വീഡിയോയിലൂടെ കുട്ടി ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്. 'ചൈനയെ ഏറ്റവും മോശമായി ബാധിക്കും', 'ലോകത്തെ രക്ഷിക്കാൻ നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടിവരും', 'വിമാനക്കമ്പനികൾ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും' ഇതൊക്കെയാണ് 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ കുട്ടി പ്രവചിച്ചിരിക്കുന്നത്.
കൗതുകകരമായ മറ്റൊരു കാര്യം എന്താണെന്നുവച്ചാൽ 2019 നവംബറിനും 2020 ഏപ്രിലിനുമിടയിലാണ് ദുരന്തം സംഭവിക്കുകയെന്നാണ് അഭിഗ്യ പ്രവചിച്ചിരിക്കുന്നത്. കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത് തുടങ്ങിയത് നവംബർ 17 മുതലാണ്. എന്നാൽ ഇത് തികച്ചും യാദൃശ്ചികമാണെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, കുട്ടിയുടെ പ്രവചനത്തെ വാഴ്‌ത്തുന്നവരുമുണ്ട്. ഈ വീഡിയോയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നവംബർ മുതൽ ഏപ്രിൽ അവസാനം വരെയാണ് ദുരന്തം സംഭവിക്കുക എന്നാണ് അഭിഗ്യയുടെ പ്രവചനം. അതായത് 2020 ഏപ്രിലോടെ ദുരന്തം മാറുമെന്ന്. പ്രവചനത്തിൽ വിശ്വസിക്കുന്നവർക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്.