കാസർകോട്: കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞതോടെ ചികില്‍സകിട്ടാതെ എഴുപതുകാരി മരിച്ചു. ബണ്ട്വാൾ സ്വദേശിയായ പാത്തുഞ്ഞിയാണ് മരിച്ചത്. കാസര്‍കോട്ടെ മകന്‍റെ വീട്ടിലായിരുന്നു പാത്തുഞ്ഞി താമസിച്ചിരുന്നത്. അസുഖം കൂടിയതിനാലാണ് മംഗളൂരുവിലേക്ക് മാറ്റാന്‍ ശ്രമിച്ചത്.
ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു പാത്തുഞ്ഞി. ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ കർണാണാടക പൊലീസ് തടയുകയായിരുന്നു. പൊലീസ് കടത്തിവിടാൻ വിസമ്മതിച്ചതോടെ ഇവർ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങി. പിന്നീട് കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആംബുലൻസിനെ തടഞ്ഞ കർണാടകയുടെ നടപടിയെ മന്ത്രി ഇ ചന്ദ്രശേഖരനും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും വിമർശിച്ചു. സംഭവത്തിൽ കേന്ദ്രം ഇപെടണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെട്ടു.
രോഗിയുമായ പോയ ആംബുലൻസ് മംഗലാപുരത്തേക്ക് കടത്തിവിടാത്ത സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. കർണാടക അതിർത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം ശ്വാസതടസത്തെ തുടർന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കവെ അബ്ദുൽ റഹ്മാൻ എന്ന വ്യക്തിയും സമാനമായ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. കർണാടക സർക്കാരിന്റേത് നിഷേധാത്മകമായ നടപടിയാണെന്നാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ കാര്യത്തിലെങ്കിലും കർണാടക സർക്കാർ അനുഭാവപൂർണമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കർണാടക സർക്കാർ കേരളത്തിലെ ജനങ്ങളോടും പ്രത്യേകിച്ച് രോഗികളുടെ കാട്ടുനീതിയാണ് വഴിതടയലിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നിത്യേപയോഗ സാധനങ്ങൾകൊണ്ടുവരുന്ന ചരക്ക് ലോറി ഉൾപ്പെടെ സംസ്ഥാനാതിർത്തിയിൽ റോഡിൽ മൺകൂനകൾ ഉണ്ടാക്കി തടയുകയാണ്. പ്രാകൃതവും നികൃഷ്ഠവുമാണ് കർണാടക സർക്കാരിന്റെ സമീപനം എന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ ആളുകൾ ചികിത്സയ്ക് വേണ്ടി പ്രധാനമായും ആശ്രയിക്കുന്ന മംഗലൂരുവിലെ മെഡിക്കൽ കോളേജുകളേയും സർക്കാർ ഉടമസ്ഥതയിലുള്ള വെന്റ്ലോക് ആശുപത്രി, കൃസ്ത്യൻ മിഷണറിമാരുടെ കങ്കനാടി ആശുപത്രി എന്നിവയെയാണ്.
നൂറ് കണക്കിന് വൃക്ക രോഗികൾ മംഗലാപുരത്തെ വിവിധ ആശുപത്രികളിൽ സൗജന്യമായും അല്ലാതെയും ഡയാലിസിന് പോകുന്നുണ്ട്. ഇവരുടെ എല്ലാം ചികിത്സ കർണാടക സർക്കാർ പാടെ നിഷേധിച്ചിരിക്കയാണ്. അതിനിടെയാണ് കർണാടക സർക്കാരിന്റെ റോഡ്ഉപരോധം മൂലം രണ്ട് പേർ ചികിത്സ കിട്ടാതെ മരിക്കാനിടയായത്.