ന്യൂഡൽഹി : പ്രത്യേക ബസുകളിൽ യുപിയിലേക്കും, ബീഹാറിലേക്കും പോയ ഇതരസംസ്ഥാന തൊഴിലാളികൾ നിരീക്ഷണത്തിൽ , പ്രത്യേകം തയ്യാറാക്കിയ ക്യാമ്പിൽ 14 ദിവസത്തെ നിരീക്ഷണമാണ് സർക്കാർ ഇവർക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കൊറോണ വൈറസ് ഭീതിയെ തുടർന്ന് യുപിയിലും ഡൽഹിയിലും ബീഹാറിലുമുളള ഇതരസംസ്ഥാന തൊഴിലാലികൾ സ്വന്തം നാട്ടിലേക്ക് പലായനം ചെയ്ത് തുടങ്ങിയത്. രാജ്യത്ത് ലോക്ക് ഡൗൺ മൂലം ബസുകളും ട്രെയിനുകളും ഇല്ലാതിരുന്നതിനാൽ കിലോ മീറ്ററുകളോളം ഇവർ നടക്കാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് യു പി സർക്കാർ ഇതരസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ബസ് സർവീസുകൾ നടത്തിയത്. 1000 ബസുകളാണ് യുപിയിൽ നിന്നും മാത്രം സർവീസ് നടത്തിയത്. ഈ ബസുകളിൽ നാട്ടിലേക്ക് പോയവരെയാണ് ഇപ്പോൾ 14 ദിവസത്തെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ഇതിന് ശേഷം മാത്രമെ ഇവർക്ക് സ്വന്തം വീട്ടിലേക്ക് പോകാനാകു.
മടങ്ങിപ്പോകുന്നവരെക്കൊണ്ട് തെരുവുകൾ നിറഞ്ഞിരിക്കുന്നതിനാൽ ഡൽഹിയിൽ തന്നെ തങ്ങാൻ ഇതരസംസ്ഥാന തൊഴിലാളികളോട് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് വേണ്ട ഭക്ഷണം, മരുന്ന് സൗകര്യങ്ങൾ എന്നിവ എത്തിക്കാൻ അതാത് സർക്കാരുകൾ മുൻകൈയെടുക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നൽകി.
ബസില്ലാത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്നും മദ്ധ്യപ്രദേശിലേക്ക് 200 കിലോ മീറ്റർ ദൂരം കാൽനട യാത്ര ചെയ്ത ഇതരസംസ്ഥാന തൊഴിലാളി ഹ്യദയാഘാതം വന്നു മരിച്ചു. റൺവീർ സിംഗ് എന്ന 38 കാരനാണ് മരിച്ചത്. ഡൽഹിയിൽ നിന്നും ജോലി നഷ്ടപ്പെട്ടാണ് ഇയാൾ നാട്ടിലേക്ക് വരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് വാഹനങ്ങൾ ഇല്ലാത്തതിനാലാണ് ഇയാൾ കിലോ മീറ്ററുകളോളം നടക്കാൻ തയ്യാറായത്. ആഗ്രയിലെ ഒരു കടയിൽ നിന്നും ചായ കുടിച്ച് യാത്ര തുടങ്ങിയതിന് പിന്നാലെയാണ് ഇയാൾ മരിക്കുന്നത്. നാട്ടിലെത്താൻ 80 കിലോ മീറ്റർ ബാക്കിയുളളപ്പോഴാണ് മരണം സംഭവിക്കുന്നത്. അതേസമയം ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 1000 കടന്നു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.