ലഖ്നൗ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 11,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. 71 ജയിലുകളിലായി കഴിയുന്ന 11,000പേർക്കാണ് പരോൾ അനുവദിക്കുക. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജയിലുകളിലെ തിരക്ക് വളരെ ആശങ്കാജനകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.
ഏഴ് വർഷം വരെ തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് ഇടക്കാലം ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതികൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.
സുപ്രീകോടതി നിർദേശമനുസരിച്ച് ഉത്തർപ്രദേശ് സർക്കാർ കമ്മിറ്റി രൂപീകരിച്ചിരുന്നു. 71 ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന 11,000 കുറ്റവാളികളെ വ്യക്തിഗത ബോണ്ടിന് എട്ട് ആഴ്ച ഇടക്കാല ജാമ്യം നൽകണമെന്നും ജയിലിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്നും സമിതി നിർദേശം നൽകി. നാൽപതിലധികം പേർക്കാണ് ഉത്തർപ്രദേശിൽ കൊറോണ സ്ഥിരീകരിച്ചത്.