കോട്ടയം: മദ്യം കിട്ടാത്തതിനെ തുടർന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം. ചങ്ങനാശ്ശേരി പി.എം.ജെ കോംപ്ലക്സിലെ മൂന്നാം നിലയിൽ നിന്നുമാണ് മറ്റം സ്വദേശി ശശി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ ഇയാളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നുരാവിലെ ഇയാൾ വീട്ടിൽ നിന്നിറങ്ങി. ചങ്ങനാശേരി ടൗണിലെത്തി മദ്യം കിട്ടുമോ എന്ന് തിരക്കി. ആ ഭാഗത്ത് അടഞ്ഞുകിടക്കുന്ന ബിവറേജസ് ഷാപ്പിന്റെ മുന്നിലെത്തി അൽപനേരം ഇരുന്നു. തുടർന്നാണ് പത്തുമണിയോടെ ടൗണിലെ പി.എം.ജെ കോംപ്ളക്സിൽ എത്തിയത്. തുടർന്ന് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.
അതേസമയം, ഇന്ന് കൊല്ലത്ത് മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മദ്യാസക്തനായിരുന്ന ഇയാൾ രണ്ടു ദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെപ്രാളത്തെ തുടർന്ന് ഇന്നു പുലർച്ചെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചിടാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് മാത്രം രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച കായംകുളത്ത് ഷേവിംഗ് ക്രീം എടുത്തുകുടിച്ച് യുവാവ് മരിച്ചു. കൊച്ചിയിലും തൃശൂരിലും ഇന്നലെ ഒരോ ആത്മഹത്യാ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്തെ മദ്യശാലകൾ പൂർണമായി അടച്ചതോടെ മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ ഉപദേശപ്രകാരം മദ്യം നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായി താൻ എക്സൈസിന് നിർദേശം നൽകുമെന്നും പിണറായി വിജയൻ അറിയിച്ചിരുന്നു. മദ്യാസക്തിയുള്ളവർ വലിയ പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യശാലകൾ അടച്ചതോടെ നിരവധി പേർ സംസ്ഥാനത്ത് ജീവനൊടുക്കിയ സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനം എടുത്തത്.