ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഇന്ത്യൻ ഫാർമ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോർട്ടുകൾ. അവശ്യ ചരക്ക് വിഭാഗങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടും ട്രക്ക് ഡ്രൈവർമാർ സാധനങ്ങൾ കൊണ്ടുപോകാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ലോക്ക് ഡൗണും കർഫ്യൂവും പ്രഖ്യാപിച്ചതുമൂലം പല സംസ്ഥാനങ്ങളിലും മരുന്ന് വിതരണ ശൃംഖല താറുമാറായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കേജിംഗ് മെറ്റീരിയൽ, പ്രിന്ററുകൾ മുതലായ അനുബന്ധ യൂണിറ്റുകൾ അടച്ചുപൂട്ടിയതിനാൽ ഉത്പാദനം നിർത്താൻ നിർബന്ധിതരായെന്ന് ഫാർമ യൂണിറ്റ് ഉടമകൾ പറയുന്നു.
ഫാക്ടറി തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും, പൊലീസ് നടപടിയെ ഭയന്ന് ഇവർ ജോലിക്ക് വരാൻ മടിക്കുന്നെന്നും ചണ്ഡിഗഡ് ആസ്ഥാനമായുള്ള വ്യവസായി വിബോർ ജെയിൻ പറയുന്നു. രോഗവ്യാപനം തടയാനായി സാമൂഹിക അകലം പാലിക്കാൻ ആളുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന പൊലീസുകാരെ വില്ലന്മാരായിട്ടാണ് സോഷ്യൽ മീഡിയ അവതരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ചണ്ഡിഗ, മൊഹാലി, പഞ്ചകുള എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറികളിൽ പഞ്ചാബ്, ചണ്ഡിഗഢ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്. പൊതുഗതാഗതമില്ല, മാത്രമല്ല പൊലീസ് നടപടിയെ അവർ ഭയപ്പെടുകയും ചെയ്യുന്നു. അതിനാൽ ജോലിക്ക് വരാൻ അവർ തയ്യാറാകുന്നില്ല'- ഇന്ത്യൻ ഫാർമയിലെ വിഭോർ ജെയിൻ പറയുന്നു.
ഫാർമ അവശ്യ വസ്‌തുക്കളുടെ കീഴിലാണെന്ന് കേന്ദ്ര- സംസ്ഥാന സർക്കാർ ഉത്തരവുകളിൽ നിന്ന് വളരെ വ്യക്തമാണ്. പക്ഷേ മറ്റ് മേഖലകളിലെ വിലക്ക് ഒരു പ്രശ്‌നമായി മാറി. ആദ്യത്തെ പ്രശ്നം പാക്കേജിംഗ് വസ്‌തുക്കൾ വിതരണം ചെയ്യുന്ന അനുബന്ധ യൂണിറ്റുകൾ പ്രവർത്തിക്കുന്നില്ല എന്നതാണ്'- സെൻ ലബോറട്ടറീസ് സി.ഇ.ഒ സഞ്ജയ് ധീർ പറയുന്നു. ചില യൂണിറ്റുകളുടെ ക്ഷാമവും, ചരക്കുകൾ കൂടുതൽ ദൂരത്തേക്ക് കൊണ്ടുപോകാൻ ട്രക്ക് ഡ്രൈവർമാർ തയ്യാറാകാത്തതും രാജ്യത്ത് മരുന്നുകളുടെ കുറവ് ഉണ്ടാകാൻ കാരണമാകുമെന്ന് അദ്ദേഹം പറയുന്നു.
കേരളം,മുംബയ്, പശ്ചിമ ബംഗാൾ തുടങ്ങിയ ഇടങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാൻ ഡ്രൈവർമാർ ഭയപ്പെടുന്നു. റോഡരികിലെ ഭക്ഷണശാലകൾ അടച്ചിട്ടിരിക്കുകയാണെന്നും, ഭക്ഷണം കിട്ടില്ലെന്നും അവർ പറയുന്നു. ഇത് ഒരു വലിയ തടസമായി മാറിയിരിക്കുന്നു. രാജ്യം ഉടൻ തന്നെ മരുന്നുകളുടെ കുറവ് നേരിടേണ്ടി വരുമെന്നതിനാൽ ഗതാഗതം പുന:സ്ഥാപിക്കാൻ സഹായിക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, 'സഞ്ജയ് ധീർ പറയുന്നു.