ബീജിംഗ് : ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ വ്യാപനം ചൈന,ദക്ഷിണ കൊറിയ, തായ്‌വാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കുറഞ്ഞുവരികയാണ്. പാശ്ചാത്യ രാജ്യമായ അമേരിക്ക ഉൾപ്പെടെ മെഡിക്കൽ രംഗത്ത് ഏറെ മുന്നിൽ നിൽക്കുന്ന നിരവധി രാജ്യങ്ങളിൽ കൊറോണ വ്യാപിച്ചു കഴിഞ്ഞു. ഈ രാജ്യങ്ങൾക്ക് ഒന്നും തന്നെ കൊറോണയെ പൂർണമായും പ്രതിരോധിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ചൈന, ദക്ഷിണകൊറിയ , തായ്‌വാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപനം കുറഞ്ഞുവരികയാണ്. ഈ മഹാമാരിയെ ചൈനയും ദക്ഷിണ കൊറിയയും തായ്‌വാനും സിംഗപ്പൂരും പിടിച്ചു കെട്ടിയത് എങ്ങനെയെന്ന് നോക്കാം.
ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് പൊട്ടിപുറപ്പെടുന്നത്. തുടക്കത്തിൽ വൈറസ് വ്യാപനത്തിന് എതിരെ നടപടി സ്വീകരിക്കുന്നതിൽ ചൈനയ്ക്ക് വീഴ്ച്ച പറ്റിയിരുന്നെങ്കിലും പിന്നിട് ചൈന നടപടി ശക്തമാക്കുകയായിരുന്നു. വുഹാൻ നഗരം പൂർണമായും അടച്ചുപൂട്ടി. സ്കൂളുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടി. രോഗബാധിതരെ കർശനമായി നിരീക്ഷണത്തിലാക്കി. വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകി.
തായ്‌വാനാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയതും ,ലോകാരോഗ്യ സംഘടനയെ അറിയിച്ചതും. വൈറസ് ബാധയെ പ്രതിരോധിച്ചതിൽ വിജയിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് തായ്‌വാൻ. അതേ പോലെ തന്നെ കർശന നിയന്ത്രണങ്ങളിലൂടെ കൊറോണയെ പ്രതിരോധിച്ച രാജ്യമാണ് ദക്ഷിണകൊറിയ. ദിവസവും 20000 പേരെ പരിശോധിക്കാനുളള സംവിധാനങ്ങൾ ഒരുക്കി. രോഗം സ്ഥിരീകച്ചവർക്കായി പ്രത്യേക ജി പി എസ് ആപ്പ് നിർമ്മിച്ചു. ഇതിലൂടെ നിരീക്ഷണത്തിലുളള രോഗി പുറത്ത് പോയിട്ടുണ്ടൊയെന്നും, എവിടെയെല്ലം പോയെന്നും മനസിലാക്കാം.
സിംഗപ്പൂരും സമാനമായ നടപടികൾ തന്നെയാണ് കൈക്കൊണ്ടത്. അതോടൊപ്പം ചൈനയിൽ നിന്നുമുളള മുഴുവൻ വിമാന സർവീസുകളും സിംഗപ്പൂർ റദ്ദാക്കി. പൊലീസ് സേനയുടെ സാഹായത്തോടെ മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കി. അതേസമയം ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 1000 കടന്നു. 24 പേർ മരണപ്പെടുകയും ചെയ്തു.