migrant-worker

കോട്ടയം: സംസ്ഥാനത്ത് പുറപ്പെടുവിച്ച ലോക്ക് ഡൗൺ ലംഘിച്ച് ചങ്ങനാശേരിയിൽ അതിഥി തൊഴിലാളികളുടെ സമരം. നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ റോഡിൽ കുത്തിയിരുന്ന് സമരം നടത്തുന്നത്. ആയിരത്തോളം അതിഥി തൊഴിലാളികളാണ് റോഡിൽ ഇറങ്ങി പ്രതിഷേധം ആരംഭിച്ചത്. ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ചങ്ങനാശേരി പായിപ്പാടാണ് സംഭവം. കമ്യൂണിറ്റി കിച്ചൻ അടക്കമുള്ള സംവിധാനങ്ങൾ ജില്ലയിൽ ഒരുക്കിയിരുന്നെങ്കിലും തൊഴിലുടമകൾ തൊഴിലാളുകളുടെ എണ്ണമോ കണക്കോ ഒന്നും കൈമാറാൻ തയ്യാറാകാത്തതാണ് പ്രശ്നം വഷളാക്കിയതെന്നാണ് റിപ്പോർട്ട്. പായിപ്പാട് മേഖലയിൽ മാത്രം പതിനായിരത്തോളം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് പഞ്ചായത്തിന്‍റെ കണക്ക്. എന്നാൽ,​ ഭക്ഷ്യവസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഇതിന്റെ ഭാഗമായാണ് പതിഷേധവുമായി റോഡിലേക്കിറങ്ങിയതെന്നും ചിലര്‍ പരാതിപ്പെട്ടിരുന്നു.

അതേസമയം,​ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങിയത്. കൊറോണ ജാഗ്രതാ നിർദേശം നിലനിൽക്കെ ഇത്രയും അധികം ആളുകൾ റോഡിൽ കൂടി നിൽക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.