കോട്ടയം: കൊറോണ വ്യാപനം തടയാൻ വേണ്ടിയാണ് രാജ്യത്ത് 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ രോഗത്തെ തുരത്താനുള്ള കഠിന പരിശ്രമത്തിലാണ്. നിങ്ങൾ എവിടെയാണോ ഇപ്പോൾ ഉള്ളത് അവിടെ തന്നെ തുടരുക എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനം ആവശ്യപ്പെട്ട് ചങ്ങനാശേരിക്കടുത്ത് പായിപ്പാട്ട് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിക്കുന്നത്.
തങ്ങൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു. എന്നാൽ ഭക്ഷണം കിട്ടുന്നില്ലെന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പരാതി തെറ്റാണെന്ന് ജില്ലാ കളക്ടർ സുധീർ ബാബു പറഞ്ഞു. 'പാകം ചെയ്ത ഭക്ഷണം വേണ്ടെന്ന് പറഞ്ഞതിനാൽ തൊഴിലാളികൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. നാട്ടിൽ പോകാൻ കഴിയുമെന്ന വിശ്വാസത്തിൽ ഇവർ പെട്ടെന്ന് സംഘടിക്കുകയായിരുന്നു. 3500 പേരുണ്ട്. ഇന്നലെ വരെ ഈ ആവശ്യം ഉന്നയിച്ചില്ല. മറ്റു സംസ്ഥാനങ്ങളിൽ ആളുകളെ വാഹനത്തിൽ കൊണ്ടു പോകുന്നത് ടി.വിയിൽ കണ്ട് സംഘടിച്ചതാകാം.ഇതിന് പിന്നിൽ മറ്റെന്തെങ്കിലും സമ്മർദ്ദമുണ്ടോയെന്ന് അന്വേഷിക്കും'-കളക്ടർ പറഞ്ഞു.
പായിപ്പാട്ട് തെരുവിലിറങ്ങിയവരെ നാട്ടിലേക്കയക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ലെന്ന് കളക്ടർ വ്യക്തമാക്കി. കളക്ടറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും പായിപ്പാട്ട് എത്തിയതോടെ മൂന്നു മണിക്കൂർ നീണ്ട പ്രതിഷേധത്തിന് അയവ് വന്നു. കൂട്ടമായി അന്യ സംസ്ഥാന തൊഴിലാളികൾ പൊതുനിരത്തിലെത്തിയത് ആരോഗ്യ പ്രവർത്തകരെ മുൾമുനയിൽ നിർത്തി. സംഭവ സ്ഥലത്ത് ആദ്യം വിരലിലെണ്ണാവുന്ന പൊലീസുകാരെ ഉണ്ടായിരുന്നുള്ളു. സംഭവമറിഞ്ഞ് കൂടുതൽ പൊലീസുകാർ എത്തുകയായിരുന്നു.