ford

ത്സവത്തിന് നെറ്റിപ്പട്ടമൊക്കെ ചൂടി ആന എഴുന്നള്ളുന്നത് പോലെയാണ്, നിരത്തിൽ ഫോഡ് എൻഡവറിനെ കാണുമ്പോൾ തോന്നുക. വലിയ ബോഡിയും മസിലൊക്കെ വിരിച്ചുള്ള ലുക്കുമൊക്കെയായി, എൻഡവർ നീങ്ങുമ്പോൾ ആരുമൊന്ന് നോക്കും; നോക്കാതിരിക്കാനാവില്ല. വലിയ ലുക്ക് മാത്രമല്ല, മികച്ച കരുത്തുണ്ട്. നല്ല ഫെർഫോമൻസുമുണ്ട്.

ഏകദേശം രണ്ടു പതിറ്രാണ്ട് മുമ്പാണ് ഈ പ്രീമീയം എസ്.യു.വി ആദ്യമായി ഇന്ത്യൻ നിരത്തിലെത്തിയത്. ഇക്കാലം കൊണ്ട്, വാഹന പ്രേമികളുടെ മനസിൽ കൂടുതൽ വിശാലമായ ഇടവും നേടി. എൻഡവറിന്റെ 2020 പതിപ്പിന്റെ രൂപകല്‌പനയിൽ ഒറ്റനോട്ടത്തിൽ കാതലായ മാറ്റങ്ങളില്ല. എന്നാൽ, ഹെഡ്ലാമ്പ് ഇപ്പോൾ പൂർണമായും എൽ.ഇ.ഡിയാണ്. ഇതിനൊപ്പം മികച്ച ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാണാം. വണ്ടിയിലെ പ്രധാന മാറ്റം 2.0 ലിറ്റർ, 4-സിലിണ്ടർ, ഡീസൽ എൻജിനാണ്. പഴയ 3.2 ലിറ്റർ, 2.2 ലിറ്റർ എൻജിനുകൾക്ക് ബദലാണിത്.

ബി.എസ്-6 ചട്ടം പാലിക്കുന്ന എൻജിന്റെ കരുത്ത് 166 ബി.എച്ച്.പിയും പരമാവധി ടോർക്ക് 420 എൻ.എമ്മുമാണ്. നേരത്തേയുള്ള 2.2 ലിറ്റർ എൻജിനേക്കാൾ ഉയർന്നതാണ് ഈ കരുത്തും ടോർക്കും. ലോകത്തെ ആദ്യ 10-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് മറ്റൊരു മികവ്. മികച്ച ആക്‌സിലറേഷനും പെർഫോമൻസും ഇത് നൽകുന്നുണ്ട്. ഓവർടേക്കിംഗിലും വേഗം പെട്ടെന്ന് കുറയ്ക്കാനുള്ള പരിശ്രമത്തിലും മികച്ച റിസൾട്ടും ഇതുറപ്പാക്കുന്നു.

പുതിയ മോഡലിന് ടൈറ്രാനിയം, ടൈറ്രാനിയം പ്ളസ് എന്നിങ്ങനെ 2-വീൽ ഡ്രൈവ് പതിപ്പുകളും ടൈറ്രാനിയം പ്ളസിൽ 4-വീൽ ഡ്രൈവ് പതിപ്പുമുണ്ട്. 2-വീൽ ഡ്രൈവ് പതിപ്പുകൾ ലിറ്രറിന് 13.9 കിലോമീറ്ററും 4-വീൽ ഡ്രൈവ് മോഡൽ 12.4 കിലോമീറ്ററും മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. നല്ലൊരു ഓഫ്-റോഡ് വാഹനം കൂടിയായ എൻഡവറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 225 എം.എം ആണ്.

മികച്ച ഡ്രൈവിംഗ് മോഡുകൾ, ആഡംബരം കൈവിടാത്ത - ബ്ളാക്ക് ആൻഡ് ബീജ് ടോൺ അകത്തളം, മികച്ച സ്‌പേസിംഗ്, പനോരമിക് സൺറൂഫ്, ഏഴ് എയർബാഗുകൾ, ട്രാക്‌ഷൻ കൺട്രോൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., സ്‌മാർട്ട് പാസീവ് എൻട്രിയോട് കൂടിയ പുഷ് ബട്ടൺ സ്‌റ്രാർട്ട്-സ്‌റ്രോപ്പ്, ഹിൽ അസിസ്‌റ്ര്, റിയർവ്യൂ കാമറ, പാർക്ക് അസിസ്‌റ്ര്, ഡ്യുവൽ-സോൺ ക്ളൈമറ്ര് കൺട്രോൾ എന്നിങ്ങനെയുമുണ്ട് മികവുകൾ.

ലെതറിൽ പൊതിഞ്ഞതാണ് എഴു സീറ്റുകളും. ഡ്രൈവറുടെയും മുന്നിലിരിക്കുന്നവരുടെയും സീറ്റ് ക്രമീകരിക്കാം. ഹാൻഡ്‌സ് ഫ്രീ കാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട് നവീനമായ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിൽ. കാലിന്റെ ചലനം തിരിച്ചറിഞ്ഞ് (സെൻസർ) ഓട്ടോമാറ്രിക് ആയി തുറക്കുന്ന ഡിക്കിയും മികവാണ്. 29.55 ലക്ഷം രൂപ മുതലാണ് പുതിയ എൻഡവറിന്റെ വില. കറുപ്പ്, വെള്ള, സിൽവർ നിറഭേദങ്ങളുണ്ട്.