migrant-workers

കോട്ടയം: നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പായിപ്പാടിൽ അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ രംഗത്തെത്തി. അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗൺ ലംഘിക്കുകയോ റോഡിലിറങ്ങി പ്രതിഷേധിക്കുന്ന സംഭവങ്ങളോ ഉണ്ടായാൽ കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാലയളവ് കഴിഞ്ഞാല്‍ ഇവര്‍ക്ക് തിരികെ പോകാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ജില്ലാ കളക്ടർ പി.കെ സുധീർ ബാബു,​ പൊലീസ് മേധാവി ജി. ജയ്ദേവും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ച ശേഷം ഇവർ പിരിഞ്ഞുപോകാൻ തയാറാകുകയായിരുന്നു. താമസവും ഭക്ഷണസൗകര്യങ്ങളും ജില്ലാ ഭരണകൂടം ഉറപ്പുനൽകി. പായിപ്പാടേക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കും. കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും ഇതിനായി പായിപ്പാട് എത്തുക.

തൊഴിലാളികളെ നാട്ടിലേക്ക് അയക്കുമെന്ന തരത്തിലുള്ള ചില വാട്സാപ്പ് സന്ദേശങ്ങൾ തൊഴിലാളികൾക്ക് ഇടയിൽ പ്രചരിച്ചിരുന്നതായി കളക്ടർ പറഞ്ഞു. സന്ദേശം പ്രചരിച്ച ഫോൺ നമ്പറുകൾ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇതരസംസ്ഥാനക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. യാത്രാമാര്‍ഗം ഒരുക്കിയാല്‍ അവരെ അയയ്ക്കാന്‍ തയാറെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും നാട്ടിലേക്കു തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്നായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം.