തിരുവനന്തപുരം: ഡോക്ടർ പറഞ്ഞാൽ മദ്യം നൽകാമെന്ന എക്സെെസ് കമ്മിഷണറുടെ കരട് രേഖപുറത്ത്. സർക്കാർ ഡോക്ടറുടെ കുറിപ്പടി നൽകിയാൽ മദ്യം നൽകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്സെെസ് ഓഫീസിൽ നൽകണം. എക്സൈസ് ഉദ്യോഗസ്ഥർക്കും ബിവറേജസിൽ നിന്നും മദ്യം വാങ്ങാൻ അനുമതി നൽകും.
എക്സൈസ് കമ്മിഷണര്‍ കരട് നിർദ്ദേശം സർക്കാരിന് നൽകും. ശുപാർശക്ക് ആരോഗ്യ- നിയമവകുപ്പുകളുടെ അംഗീകാരം വേണം. അതേസമയം, ചികിത്സാ പ്രോട്ടോകോളിന് എതിരാണിതെന്നും വിമർശനം ഉയരുന്നുണ്ട്. അശാസ്ത്രീയവും അധാർമികവുമായ തീരുമാനമാണിതെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതികരിച്ചു.
മദ്യാസക്തിയുള്ളവര്‍ക്കു മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണ്. അത് ഉടന്‍ പിന്‍വലിക്കണം. മദ്യാസക്തിക്കു മരുന്ന് മദ്യമല്ലെന്നും കെ.ജി.എം.ഒ.എ അഭിപ്രായപ്പെട്ടു.
അമിത മദ്യാസക്‌തിയുള്ളവർ മദ്യം ലഭിക്കാത്തതിനെ തുടർന്ന് കടുത്ത നിരാശയിലേക്ക് പോകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ആറ് പേരാണ് ആത്മഹത്യ ചെയ്‌തത്. ഇത്തരത്തിലുള്ള പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അമിത മദ്യാസക്‌തിയുള്ളവർക്ക് മാനസികമായ പ്രശ്‌നങ്ങൾ ഉള്ളതായി കാണുന്നുണ്ട്. അങ്ങനെയുള്ളവർ ആരോഗ്യവിദഗ്‌ദ്ധരെ കാണണമെന്ന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇത്തരത്തിൽ വലിയ പ്രതിസന്ധി നേരിടുന്നവർക്ക് ഡോക്‌ടർമാരുടെ നിർദേശപ്രകാരം മദ്യം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ എക്‌സെെസ് വകുപ്പിനു നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോക്‌ടർമാരുടെ നിർദേശമുള്ളവർക്ക് മാത്രമാണ് ഇങ്ങനെ മദ്യം നൽകുകയെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.