മാഡ്രിഡ്: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന സ്‌പാനിഷ് രാജകുമാരി മരിയ തെരേസ (86) മരണമടഞ്ഞു. സഹോദരനും അരഞ്ച്വസ് പ്രഭുവുമായ സിക്‌സ്റ്റോ എൻറിക് ബർബോൺ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാരിസിൽ വച്ചായിരുന്നു മരണം. അവിവാഹിതയാണ്. സംസ്കാരച്ചടങ്ങുകൾ സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ നടക്കും.
കൊറോണ വൈറസ് ബാധിā് മരണമടയുന്ന ആദ്യത്തെ രാജകുടുംബാംഗമാണിവർ. സ്‌പാനിഷ് രാജാവ് ഫിലിപ് നാലാമന്റെ ബന്ധുവാണ് മരിയ തെരേസ. ഫിലിപ് രാജാവിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് പുറത്തു വന്ന് ആഴ്ചകൾക്കുള്ളിലാണ് രാജകുടുംബത്തിൽപ്പെട്ട ഒരാൾ മരിക്കുന്നത്.
1933ൽ പാരീസിൽ ജനിച്ച തെരേസ ഫ്രാൻസിലാണ് പഠനം പൂർത്തിയാക്കിയത്. മാഡ്രിഡ് സർവകലാശാലയിൽ സാമൂഹിക ശാസ്ത്രം വിഭാഗത്തിൽ അദ്ധ്യാപികയായിരുന്ന തെരേസ സാമൂഹിക കാര്യങ്ങളിൽ നിരന്തരം ഇടപെട്ടിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ ഇവരെ 'റെഡ് പ്രിൻസസ്" എന്നാണ് ജനങ്ങൾ വിശേഷിപ്പിച്ചിരുന്നത്.
ബ്രിട്ടനിലെ കിരീടാവകാശി ചാൾസ് രാജകുമാരനാണ് കൊറോണ സ്ഥിരീകരിച്ച ലോകത്തിലെ ആദ്യത്തെ രാജകുടുംബാംഗം. ചെറിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്ന അദ്ദേഹം ആരോഗ്യവാനാണ്. ഇതിന് മുമ്പ് എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തിൽ നിന്ന് മാറ്റിയിരുന്നു.